ലോകകപ്പില്‍ ഇന്ത്യന്‍ സാന്നിധ്യം; ബോള്‍ കാരിയറായി ഋഷി തേജ്

മോസ്‌കോ: ലോകകപ്പ് കളി മൈതാനത്ത് ഇന്ത്യ പന്തു തട്ടാന്‍ ഇനിയും എത്ര കാലം കാത്തിരിക്കണം? ഉത്തരമെന്തായാലും റഷ്യന്‍ ലോകകപ്പ് ഗ്രൗണ്ടില്‍ ഇന്നലെ ഇന്ത്യയുടെ സാന്നിധ്യമുണ്ടായി. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ബോള്‍ കാരിയറുടെ വേഷത്തിലെത്തിയ 10 വയസ്സുകാരന്‍ ഋഷി തേജായിരുന്നു അത്. ബെല്‍ജിയവും പാനമയും തമ്മിലുള്ള മല്‍സരത്തിനു മുന്നോടിയായി നടന്ന ചടങ്ങിലാണ് 120 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായി ഋഷി തേജ് പന്തുമായി ഗ്രൗണ്ടിലിറങ്ങിയത്.
ഒഫീഷ്യല്‍ മാച്ച് ബോള്‍ കാരിയര്‍ പ്രോഗ്രാമില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 64 കുട്ടികളില്‍ ഒരാളായിരുന്നു ഋഷി തേജ്. ബ്രസീലും കോസ്റ്റാറിക്കയും തമ്മിലുള്ള മല്‍സരത്തിന്റെ മുന്നോടിയായി ആന്ധ്രപ്രദേശില്‍ നിന്നുള്ള നതാനിയ ജോണ്‍ കെയും ഗ്രൗണ്ടിലൂടെ ചുവടുവയ്ക്കും. ഇതിനു മുമ്പൊരിക്കലും ഫിഫ ലോകകപ്പില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രാതിനിധ്യമുണ്ടായിരുന്നില്ല. ഇതിനു പുറമേ നോയ്ഡയിലെ പ്രശരണ്‍ പ്രകാശ്, ഗുരുഗ്രാമിലെ ആദിത്യ ബത്ര, മുംബൈയിലെ സ്‌കോട്ട് ആഷ്‌ലി റോഡ്രിഗ്വസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ട കളികള്‍ കാണുന്നതിന് സ്റ്റേഡിയത്തിലുണ്ടാവും.
കഴിഞ്ഞ മാസം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് കുട്ടികളുടെ തിരഞ്ഞെടുപ്പ് നടത്തിയത്. ഈ കുട്ടികളുടെ കഴിവുകള്‍ തന്നെ അദ്ഭുതപ്പെടുത്തിയതെന്ന് പിന്നീട് അതേക്കുറിച്ച് ഛേത്രി പറഞ്ഞു. ലോകോത്തര കളിക്കാരുടെ പ്രകടനം അടുത്തു കാണുന്നതിന് അവസരം ലഭിച്ച  ഈ കുരുന്നുകളോട് അസൂയ തോന്നുന്നുവെന്നും ഛേത്രി കൂട്ടിച്ചേര്‍ത്തു. തന്റെ സന്തോഷം അളക്കാനാവാത്തതാണെന്നായിരുന്നു റഷ്യയിലേക്ക് പുറപ്പെടും മുമ്പ് ബംഗളൂരുകാരനായ ഋഷി തേജിന്റെ പ്രതികരണം. ഇപ്പോഴും അതൊരു സ്വപ്‌നമായി തോന്നുന്നു. റഷ്യയിലെ ഓരോ നിമിഷവും ആസ്വദിക്കുന്നതിനൊപ്പം കളിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ഈ അവസരം ഉപയോഗിക്കുമെന്ന് ഋഷി തേജ് പറഞ്ഞു.
ഓട്ടോമൊബൈല്‍ കമ്പനിയായ കിയ മോട്ടോഴ്‌സും ഫിഫയുമായി ചേര്‍ന്നാണ് 2018ലെ ലോകകപ്പില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പങ്കെടുക്കുന്നതിന് അവസരമൊരുക്കിയത്.
Next Story

RELATED STORIES

Share it