ലോകകപ്പിലെ അസാധാരണ (അന്ധ)വിശ്വാസികള്‍

മികച്ചതും ചിട്ടയായതുമായ പരിശീലനം, ആഹാരക്രമം, ഒത്തൊരുമയോടെയുള്ള കളി ഇവയ്‌ക്കെല്ലാം പുറമെ അന്ധവിശ്വാസമെന്നു മറ്റുള്ളവര്‍ പറയുന്ന അസാധാരണ വിശ്വാസങ്ങളുമായാണ് ഇത്തവണ റഷ്യയില്‍ ലോകകപ്പ് താരങ്ങള്‍ പന്തുതട്ടുന്നത്. കളിക്കാര്‍ മാത്രമല്ല കോച്ചുമാരും ഈ വിശ്വാസത്തില്‍ ഒറ്റക്കെട്ടാണ് എന്നതാണ് ബഹുരസം.

മരിയോ ഗോമസ്
ജര്‍മനിയുടെ സ്‌ട്രൈക്കര്‍ മരിയോ ഗോമസാണ് ഈ അസാധാരണ വിശ്വാസത്തില്‍ കേമന്‍. ഇഷ്ടന്‍ കളിക്കു മുമ്പെ മൂത്രമൊഴിക്കാന്‍ പോവും. മൂത്രശങ്ക തീര്‍ക്കാന്‍ മൂത്രപ്പുരയിലെ ഏറ്റവും ഇടതുഭാഗത്തെ യൂറിനല്‍ ക്ലോസറ്റ് മാത്രമേ ഉപയോഗിക്കൂ. മല്‍സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് താരത്തിന്റെ പ്രധാന പ്രവൃത്തിയും ഇതാണ്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ
നാലു ഗോളടിച്ചുകൂട്ടി മുന്നില്‍ നില്‍ക്കുന്ന ക്രിസ്റ്റിയാനോയ്ക്കുമുണ്ട് ഇത്തരമൊരു വിശ്വാസം. വലതുകാല്‍ വച്ചേ താരം കളിക്കളത്തിലിറങ്ങൂ. ഫ്രീ കിക്കും പെനാല്‍റ്റിയും തുടങ്ങി നിര്‍ണായക ഷോട്ടുകള്‍ തൊടുക്കാന്‍ താരം ഉപയോഗിക്കുന്നതും വലതുകാല്‍.
സുവാരസ്
ഉറുഗ്വേയ് താരം സുവാരസ് തന്റെ കൈത്തണ്ടയില്‍ പച്ചകുത്തിയ മക്കളുടെ പേരില്‍ ചുംബിച്ചാണ് കളിക്കളത്തിലിറങ്ങുന്നത്. ഗോളടിച്ചു കഴിഞ്ഞാലും താരം ചെയ്യുന്ന ആദ്യ കര്‍മം ഈ ചുംബനമാണ്.
ജൂലിയന്‍ ഡ്രാക്‌സലെര്‍
കളിക്കളത്തിലേക്ക് പോവുമ്പോള്‍ അണിഞ്ഞൊരുങ്ങി പോവുന്നതില്‍ തല്‍പ്പരനാണ് ജര്‍മന്‍ കളിക്കാരനായ ഡ്രാക്‌സലെര്‍. ഇതിനായി കളിക്കാന്‍ ഇറങ്ങുന്നതിനു മുമ്പ് തന്റെ ഇഷ്ടപ്പെട്ട പെര്‍ഫ്യും മൂന്നുതവണ സ്‌പ്രേ ചെയ്യുന്നുണ്ട് താരം. ഇതിലൂടെ കളിയില്‍ തനിക്ക് അപാരമായ ആത്മവിശ്വാസം ലഭിക്കുമെന്നാണ് താരത്തിന്റെ അഭിപ്രായം.
ഡെലി അല്ലി
ഇംഗണ്ടുകാരന്‍ ഡെലി അല്ലി ലോകകപ്പിലും ഉപയോഗിക്കുന്നത് തനിക്ക് 11 വയസ്സുള്ളപ്പോള്‍ വാങ്ങിച്ചു തന്ന ഷിന്‍(കണങ്കാല്‍ സംരക്ഷണത്തിന്) ഗാര്‍ഡാണ്. പഴകി തേഞ്ഞുപൊയെങ്കിലും അതുപയോഗിക്കുമ്പോള്‍ ലഭിക്കുന്ന ആത്മവിശ്വാസം മറ്റൊന്നിനും ലഭിക്കുന്നില്ലെന്ന് താരം.
ഫില്‍ ജോണ്‍സ്
ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ ഫില്‍ ജോണ്‍സന് മൈതാനത്തെ വെള്ള വരകളില്‍ ചവിട്ടാന്‍ മടിയാണ്. കോര്‍ണര്‍ കിക്കുപോലത്തെ നിര്‍ണായക സമയങ്ങളില്‍ മാത്രമാണ് താരം വരകളില്‍ ചവിട്ടാറ്.
 മാര്‍സെലൊ
ബ്രസീല്‍ ഡിഫന്‍ഡര്‍ മാര്‍സെലോ മൈതാനത്തേക്ക് ഇറങ്ങുമ്പോള്‍ വലതുകാല്‍ വച്ചാണ് ഇറങ്ങുന്നത്. കഴിഞ്ഞ കളിയില്‍ ഇടതുകാല്‍വച്ചിറങ്ങിയ താരം മൈതാനത്തു നിന്നു കയറി ആദ്യം മുതല്‍ വലതുകാല്‍ വച്ചിറങ്ങുകയും ചെയ്തു.
മൊറോക്കോ കോച്ച് ഹെര്‍വ് റെനാര്‍ഡ്
ഇനി തന്റെ കുറവുകൊണ്ട് ടീം തോല്‍ക്കരുതെന്നതുകൊണ്ടാണോ എന്നറിയില്ല; മൊറോക്കോ ടീം കളിക്കളത്തിലിറങ്ങുമ്പോള്‍ കോച്ച് ഹെര്‍വ് റെനാര്‍ഡ് സൈഡ് ബെഞ്ചില്‍ ഇരിക്കുന്നത് കോട്ടിനടിയില്‍ വെള്ള ഷര്‍ട്ടുമിട്ടാണ്.

കൂടാതെ കുറ്റിത്താടിയുമായി കളിക്കളത്തിലിറങ്ങിയ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ഹാരി കെയ്‌നും കളിക്കളത്തിലിറങ്ങും മുമ്പ് അച്ഛനെ വിളിച്ച് അനുഗ്രഹം വാങ്ങിക്കുന്ന ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മറും ഈ വിശ്വാസക്കാരനാണ്.
Next Story

RELATED STORIES

Share it