ലൈറ്റ് മെട്രോ പദ്ധതി: ഡിഎംആര്‍സി പിന്മാറി

കൊച്ചി: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്നു ഡിഎംആര്‍സി പിന്മാറുകയാണെന്ന് മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്നുവെന്ന് വ്യക്തമാക്കി ഉത്തരവ് പുറത്തിറക്കി 15 മാസം പിന്നിട്ടിട്ടും കരാര്‍ ഒപ്പുവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനാലാണ് പദ്ധതിയില്‍ നിന്നു പിന്മാറുന്നതെന്ന് ശ്രീധരന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ച് കത്തു നല്‍കി മൂന്നു മാസം പിന്നിട്ടിട്ടും അദ്ദേഹം കാണാന്‍ കൂട്ടാക്കിയില്ല. സര്‍ക്കാര്‍ ഉത്തരവിറക്കി എന്നല്ലാതെ 15 മാസമായിട്ടും ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട യാതൊരു ജോലിയും നടന്നിട്ടില്ല. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തും കോഴിക്കോട്ടും ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ ഓഫിസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, പദ്ധതി ആരംഭിക്കാത്തതിനാല്‍ മാസം 16 ലക്ഷം രൂപയാണ് ഡിഎംആര്‍സിക്കു നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഇനിയും നഷ്ടം സഹിച്ച് സര്‍ക്കാരിനെ നോക്കിയിരിക്കാന്‍ കഴിയില്ല. പദ്ധതിയില്‍ നിന്നു പിന്മാറുന്നതിന്റെ ഭാഗമായി ഈ രണ്ട് ഓഫിസുകളിലെയും ജീവനക്കാരെ മറ്റ് ഓഫിസുകളിലേക്കു മടക്കിയയച്ചുതുടങ്ങി. ഈ മാസം 15ഓടെ രണ്ട് ഓഫിസുകളുടെയും പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ നിര്‍മിക്കുന്നതിനുള്ള പദ്ധതി 2014 ഒക്ടോബറിലാണ് ഡിഎംആര്‍സി സമര്‍പ്പിച്ചത്. 2016 ജനുവരിയിലാണ് ഡിഎംആര്‍സിയുമായി താല്‍ക്കാലിക കണ്‍സള്‍ട്ടന്‍സി കരാറില്‍ ഒപ്പുവച്ചത്.  തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരും ഇതുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബര്‍ 18ന് കെആര്‍ടിഎല്‍ ബോര്‍ഡ് യോഗം നടത്തിയപ്പോള്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് എന്തിന് ഡിഎംആര്‍സി എന്ന ചര്‍ച്ച ഉയര്‍ന്നതായി തങ്ങള്‍ അറിഞ്ഞു. ഇതിനെ തുടര്‍ന്ന് പലതവണ അധികൃതരെ ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാത്തതുകൊണ്ടാണ് പദ്ധതിയില്‍ നിന്നു പിന്മാറാന്‍ തീരുമാനിച്ചതെന്നും  ശ്രീധരന്‍ പറഞ്ഞു.
ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ ഇന്ത്യയില്‍ ഡിഎംആര്‍സിക്കല്ലാതെ മറ്റൊരു ഏജന്‍സിക്കും കഴിയില്ല. പദ്ധതിയുമായി സര്‍ക്കാര്‍ വീണ്ടും സമീപിച്ചാല്‍ ഡിഎംആര്‍സി ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it