ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ പുതുക്കിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതിരേഖ ഉന്നതതല സമിതി പരിശോധിച്ചുവരുകയാണ്. 1778 കോടി രൂപയുടെ കേന്ദ്രസഹായം ലഭിക്കേണ്ട പദ്ധതിയില്‍ കേന്ദ്രാനുമതി ലഭിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. കേന്ദ്രാനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്ന ശ്രീധരന്റെ നിലപാടിനോടാണ് വിയോജിപ്പ്.
ശ്രീധരനെ ഒഴിവാക്കാന്‍ ഒരു ശ്രമവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. പദ്ധതി നിര്‍ത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പദ്ധതിയില്‍ നിന്നു പിന്മാറാനുണ്ടായ സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കൊച്ചി മെട്രോയുടെ ലാഭനഷ്ടം നോക്കിയല്ല ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് പ്രാധാന്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്കുകള്‍ കാരണമാണ് ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്താന്‍ സാധിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ ഇടതു സര്‍ക്കാര്‍ കരുക്കള്‍ നീക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഡിഎംആര്‍സിയെ ഒഴിവാക്കിയതില്‍ അഴിമതിയുണ്ട്. മെട്രോ നടപ്പാക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്ന് ശ്രീധരന്‍ പല തവണ പറഞ്ഞിട്ടുള്ളതായി അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടി കെ മുരളീധരന്‍ പറഞ്ഞു. കൊച്ചി മെട്രോ ലാഭത്തിലല്ലെന്ന വാദം അപഹാസ്യമാണ്. ലാഭത്തിലല്ലെന്നു കരുതി കെഎസ്ആര്‍ടിസി പൂട്ടുമോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Next Story

RELATED STORIES

Share it