malappuram local

ലൈബ്രറി കൗണ്‍സില്‍ കെട്ടിടം നാടിനു സമര്‍പ്പിച്ചു



മലപ്പുറം: നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞുവന്നതും ഗുണപ്രദമായവ ഉള്‍ക്കൊള്ളുന്നതുമാണ് ഭാരതീയ സംസ്‌കാരമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സിവില്‍ സ്റ്റേഷനു സമീപം സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് 47 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ലൈബ്രറി കൗണ്‍സില്‍ കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാം തിരസ്‌കരിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല പ്രവര്‍ത്തനവും പ്രചാരണവും ഭാരതീയ സംസ്‌കാരത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.  എല്ലാ വൈവിധ്യങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭരണ വ്യവസ്ഥിതിയാണു ജനാധിപത്യം. ഈ വൈവിധ്യത്തെ അംഗീകരിക്കുന്നതിനു പകരം അടിച്ചമര്‍ത്തുന്നത് ശരിയല്ല. ആര്‍ജിത ജ്ഞാനത്തിന്റെയും മൂല്യങ്ങളുടെയും സ്വാംശീകരണമാണ് സംസ്‌കാരം. സാംസ്‌കാരികാധിനിവേശത്തിനെതിരെയുള്ള പ്രതിരോധ മാര്‍ഗങ്ങളാവണം ഗ്രന്ഥശാലകള്‍. ഇത് പ്രകാശം പരത്തുന്ന കെടാവിളക്കുളായി നിലകൊള്ളുകയും അറിവുകള്‍ പകര്‍ന്നു നല്‍കുകയും വേണമെന്ന് സ്പീക്കര്‍ പറഞ്ഞു. കേരള ജനതയെ ഉദ്ബുദ്ധരാവാന്‍ സഹായിച്ചത് കേരളത്തിലെ ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഭരതനാട്യത്തില്‍ ഒന്നാം റാങ്ക് നേടിയ മന്‍സിയയ്ക്കും മികച്ച എന്‍സിസി കോ-ഓഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുള്‍ ഗഫൂറിനും ജില്ലയിലെ മികച്ച വായനാശാലകള്‍ക്കും സ്പീക്കര്‍ ഉപഹാരങ്ങള്‍ നല്‍കി. പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍, കെ പി രാമനുണ്ണി, ജില്ലാ കലക്ടര്‍ അമിത് മീണ, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. കെ കെ ബാലചന്ദ്രന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കീഴാറ്റൂര്‍ അനിയന്‍, മലപ്പുറം ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍ പ്രമോദ് ദാസ് പങ്കടുത്തു.
Next Story

RELATED STORIES

Share it