ലൈബ്രറി കൗണ്‍സിലിന് 52.40 കോടിയുടെ ബജറ്റ്

തിരുവനന്തപുരം: 2016-17 വര്‍ഷത്തേക്ക് 52.40 കോടിയുടെ ബജറ്റിന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകാരം നല്‍കി. വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, യുവജനങ്ങള്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങള്‍ക്കും ഗ്രന്ഥശാലകളുടെ സേവനം ലഭ്യമാക്കുന്ന പദ്ധതികളാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്ന് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി അപ്പുക്കുട്ടന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാരില്‍നിന്നുള്ള പദ്ധതി-പദ്ധതിയേതര വിഹിതമായ 22.92 കോടി, തദ്ദേശസ്ഥാപനങ്ങളില്‍നിന്നും ലഭിക്കേണ്ട 23 കോടി എന്നിവയാണ് പ്രധാന വരവായി പ്രതീക്ഷിക്കുന്നത്. 2.8 കോടിയുടെ കോര്‍പസ് ഫണ്ടും മറ്റു വരവുകളും ഉള്‍പ്പെടുത്തി 52.4 കോടിയുടെ വരവും ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിനാണ് അംഗീകാരം നല്‍കിയത്. അംഗ ഗ്രന്ഥശാലകള്‍ക്ക് ഗ്രേഡ് വ്യത്യാസമില്ലാതെ വാര്‍ഷിക ഗ്രാന്റില്‍ 3,000 രൂപയുടെ വര്‍ധനവ് വരുത്തും. ലൈബ്രേറിയന്മാരുടെ അലവന്‍സില്‍ 5,400 രൂപയുടെ വാര്‍ഷികവര്‍ധനവും ബജറ്റ് നിര്‍ദേശിക്കുന്നു.
സ്‌പെഷ്യല്‍ ഗ്രേഡ് ലൈബ്രറികളുടെ ഗ്രാന്റ്- 50,000, പെര്‍ഫോമന്‍സ് ഗ്രാന്റ്-7500, പ്രവര്‍ത്തന ഗ്രാന്റ്-6000 രൂപയായും വര്‍ധിപ്പിക്കും. ജില്ലാവികസന പദ്ധതികള്‍ക്ക് രണ്ടുകോടി രൂപയും വീടുകളില്‍ പുസ്തകമെത്തിക്കുന്ന പുസ്തകവിതരണ പദ്ധതിക്ക് 1.80 കോടി രൂപയും നീക്കിവച്ചു. ബാലവേദി കേന്ദ്രങ്ങളില്‍നിന്നു തിരഞ്ഞെടുക്കുന്ന 100 ഗ്രന്ഥശാലകളില്‍ യുപി വിദ്യാര്‍ഥികള്‍ക്ക് 'എന്റെ പുസ്തകം എന്റെ കുറിപ്പ് എന്റെ എഴുത്തുപെട്ടിക്ക്' പദ്ധതി നടപ്പാക്കും. ബാലവേദി കേന്ദ്രങ്ങളുടെ ഗ്രാന്റ് ഉയര്‍ത്തും. 7.65 ലക്ഷം രൂപ ബാലവേദി കേന്ദ്രങ്ങള്‍ക്ക് വകയിരുത്തി. പഞ്ചായത്തുകളില്‍ ഓരോ ഗ്രന്ഥശാലയെ തിരഞ്ഞെടുത്ത് ഇ-വിജ്ഞാന സേവന കേന്ദ്രം ആരംഭിക്കാന്‍ 83 ലക്ഷം രൂപ മാറ്റിവച്ചു.
കംപ്യൂട്ടര്‍ സംവിധാനമുള്ള ലൈബ്രറികളില്‍ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി സ്മാര്‍ട്ട് ഇ-റീഡിങ് റൂം സ്ഥാപിക്കും. താലൂക്ക്-ജില്ലാ ലൈബ്രറികളെ ബ്രിട്ടിഷ് കൗണ്‍സില്‍ ഡിജിറ്റല്‍ ലൈബ്രറി സംവിധാനവുമായി ബന്ധിപ്പിക്കും. ലൈബ്രറി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ നിര്‍മാണം, ഡിജിറ്റലൈസേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഗ്രന്ഥശാലകളില്‍ മെച്ചപ്പെട്ട സേവനം നല്‍കാന്‍ 83 ലക്ഷം രൂപ നീക്കിവച്ചു. മുതിര്‍ന്നവരെ ലക്ഷ്യമിട്ട് പകല്‍ വീട് സംവിധാനമൊരുക്കും വിധം 75 താലൂക്കുകളിലും ഒാരോ ഗ്രന്ഥശാലയില്‍ പകലുകളില്‍ ഗുരുസംഗമം പദ്ധതി ആരംഭിക്കും. കുട്ടികളില്‍ സാഹിത്യാഭിരുചിയും സര്‍ഗവാസനയും വളര്‍ത്താന്‍ വിവിധതലങ്ങളിലെ മല്‍സരങ്ങള്‍ക്കു ശേഷം സര്‍ഗോല്‍സവം സംഘടിപ്പിക്കും. ഇനി മുതല്‍ ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കും വായനാമല്‍സരം സംഘടിപ്പിക്കും. കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ക്ക് 23,35,000, താലൂക്ക് ലൈബ്രറികള്‍ക്ക്-42,66,000 രൂപയും വകയിരുത്തി.
Next Story

RELATED STORIES

Share it