malappuram local

ലൈഫ് മിഷന്‍ സമുച്ചയം എടപ്പാളില്‍



മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ സമുച്ചയ നിര്‍മാണത്തിന് എടപ്പാള്‍ പഞ്ചായത്തില്‍ കണ്ടെത്തിയ 1.45 ഏക്കര്‍ സ്ഥലം അനുയോജ്യമാണോയെന്ന് പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. സ്ഥലം സാമൂഹികമായും സാങ്കേതികമായും അനുയോജ്യമാണെന്ന് കുടുംബശ്രീയും തദ്ദേശ സ്വയംഭരണ വകുപ്പും റിപോര്‍ട്ട് നല്‍കി. ഭൂമിയുടെ നിയമപരമായ സാധുത പരിശോധിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി കലക്ടര്‍ ഡോ. അരുണ്‍. ജെഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കും. സര്‍ക്കാറിന്റെ പലപദ്ധതികളിലും ഉള്‍പ്പെട്ട് ഭവന നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവരെ കൂടി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലിസ്റ്റ് തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഫണ്ട് സ്വരൂപിക്കുന്നതിന് സാധ്യതയുള്ള സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും ലിസ്റ്റ് തയ്യാറാക്കാന്‍  ദാരിദ്ര്യലഘൂകരണ വിഭാഗം, കുടുംബശ്രീ എന്നിവരെ ചുമതലപ്പെടുത്തി. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നവരുടെ ലിസ്റ്റ് കുടുംബശ്രീയും തയ്യാറാക്കി നല്‍കിയിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ പരിശോധന ആവശ്യമായതിനാല്‍ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക ഉദ്യേഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ ചുമതല നല്‍കി.ഇവര്‍ വിദഗ്ദ പരിശോധന നടത്തി റിപോര്‍ട്ട് 10 ദിവസത്തിനകം നല്‍കണം. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. അരുണ്‍ ജെ ഒ, ഡോ. എം സി റജില്‍, ദാരിദ്ര്യ നിര്‍മാര്‍ജന വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ബാലഗോപാല്‍, അസി. പ്രൊജക്ട് ഓഫിസര്‍ പ്രീതിമേനോന്‍, കുടുംബശ്രീ കോ-ഓഡിനേറ്റര്‍ ഹേമലത പങ്കെടുത്തു.
Next Story

RELATED STORIES

Share it