Flash News

ലൈഫ് മിഷന്‍ : സഭകളുടെ സഹായം തേടി ; മതമേലധ്യക്ഷന്‍മാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി



തിരുവനന്തപുരം: ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാന സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളെയെല്ലാം സര്‍ക്കാര്‍ ഒരുപോലെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കും. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതിക്ക് മുഖ്യമന്ത്രി ക്രൈസ്തവ സഭകളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. ചില സഭകള്‍ക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനാവും. വീട് നിര്‍മിച്ചുനല്‍കാന്‍ തയ്യാറായാല്‍ ആ സഹായം സര്‍ക്കാര്‍ സ്വീകരിക്കും. ഇതൊരു അഭ്യര്‍ഥനയായി സഭകള്‍ക്ക് മുന്നില്‍ വയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷക്ഷേമ മന്ത്രി കെ ടി ജലീല്‍, കെ ഷാജഹാന്‍, കാഞ്ഞിരപ്പളളി ബിഷപ് മാത്യു അറയ്ക്കല്‍, മെട്രോപോളിറ്റന്‍ ബിഷപ് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, നിരണം ആര്‍ച്ച് ബിഷപ് ജോജു മാത്യു, ക്‌നാനയ സിറിയന്‍ ആര്‍ച്ച് ബിഷപ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, മലങ്കര ഓര്‍ത്തഡോക്സ് സഭ മെത്രാപ്പൊലീത്ത ഡോ. സകറിയാസ് മാര്‍ അപ്രേം, മാര്‍ത്തോമ സഭ എപ്പിസ്‌കോപ്പ ജോസഫ് മാര്‍ ബര്‍ണബസ്, തൃശൂര്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത്, യാക്കോബായ സിറിയന്‍സഭ പ്രതിനിധി ഫാ. എല്‍ദോ എം. പോള്‍, സിഎസ്‌ഐ എസ്‌കെഡി ധര്‍മരാജ് റസാലം തുടങ്ങിയവരും കാതോലിക്ക, സിഎസ്‌ഐ, യാക്കോബായ, പെന്തക്കോസ്ത്, മധ്യകേരള മഹാഇടവകകളില്‍ നിന്നുള്ളവരും യോഗത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it