Idukki local

ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ അപേക്ഷകര്‍ കുറവ്



വണ്ടിപ്പെരിയാര്‍: സ്വന്തമായി പാര്‍പ്പിടമില്ലാത്ത തോട്ടം-മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് വേണ്ടി പീരുമേട് തൊഴില്‍ വകുപ്പ് ഓഫിസില്‍ തോട്ടം തൊഴിലാളികളില്‍ നിന്നും നേരിട്ട് ലഭിച്ചത് 174 അപേക്ഷകള്‍. പീരുമേട് തോട്ടം മേഖലയില്‍ മാത്രം ആറായിരത്തോളം തോട്ടം തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഇന്നത്തോടെ അവസാനിക്കുമെങ്കിലും അപേക്ഷകളുടെ കുറവിനെ തുടര്‍ന്ന് ഈ മാസം അവസാനം വരെ നീട്ടുവാനാണ് തീരുമാനം. ഗ്രാമപ്പഞ്ചായത്തുകള്‍ വഴി അപേക്ഷകള്‍ സ്വീകരിച്ച് തൊഴില്‍ വകുപ്പ് ഓഫിസില്‍ എത്തിക്കാനായിരുന്നു പദ്ധതിയെങ്കിലും തൊഴിലാളികള്‍ നേരിട്ടെത്തിയാണ് അപേക്ഷകള്‍ നല്‍കുന്നത്. അപേക്ഷ ഫോമുകള്‍ തോട്ടങ്ങള്‍ വഴിയാണ് തൊഴിലാളികളുടെ പക്കല്‍ എത്തിച്ചത്. രണ്ടു ഫോട്ടോയും അധാര്‍, ബാങ്ക് ബുക്കുകള്‍ കോപ്പി, സ്ഥലവും വീടും ഇല്ലായെന്ന് തോട്ടം മേധാവി നല്‍കുന്ന സാക്ഷ്യപത്രമാണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്. തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ് മേഖലയില്‍ ഉള്‍പ്പെട്ടവരും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയിലുള്ളവരുമായതിനാല്‍ അപേക്ഷകളോടൊപ്പം തോട്ടം ഉടമയുടെ സാക്ഷ്യപത്രം വെക്കാതെയാണ് അപേക്ഷകള്‍ എത്തുന്നത്.എല്ലാ പഞ്ചായത്തിലും കുടുംബശ്രീ മുഖേന രണ്ടു മാസം മുന്‍പ് അപേക്ഷ ഇത്തരത്തില്‍ സ്വീകരിച്ചിരുന്നു.അതിനാലാണ് അപേക്ഷകരുടെ കുറവ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പീരുമേട് താലൂക്കിലെ തോട്ടങ്ങളില്‍ ദീര്‍ഘകാലം പണിയെടുത്ത് സ്ഥലവും വീടും ഇല്ലാത്ത തൊഴിലാളി കുടുംബങ്ങള്‍ നിരവധിയുണ്ട്. ഇവരുടെ പിന്‍മുറക്കാര്‍ക്ക് തോട്ടത്തില്‍ തന്നെ പണി നല്‍കുന്നതിനാല്‍ താമസിക്കുന്ന ലയത്തില്‍ തുടര്‍ന്നു താമസിക്കുകയാണ് രീതി. ഒരു മുറിയും അടുക്കളയും വരാന്തയും ഉള്‍പ്പെടെ ഇത്തരം ലയത്തിലെ ജീവിതം കുടുംബങ്ങളുടെ എണ്ണം കൂടുന്നതോടെ ദുരന്തമായി മാറുന്നു .പല ലയങ്ങളും തേയില തോട്ടത്തിന്റെ തുടക്കകാലത്ത് നിര്‍മ്മിച്ചതാണ്. അറ്റകുറ്റപണികള്‍ നടത്താതിനാ ല്‍ സുരക്ഷിതത്വം ഇല്ല. ഇത്തരം തൊഴിലാളികളുടെ ജീവിത സാഹചര്യം പരിഗണിച്ചാണ് സര്‍ക്കാര്‍ ലൈഫ്മിഷന്‍ പദ്ധതിയ്ക്ക് തുടക്കമിട്ടത്. നാലു വിഭാഗങ്ങളിലായി തരം തിരിച്ചാണ് മുന്‍ഗണന ക്രമങ്ങള്‍ തീരുമാനിക്കുന്നത്. തോട്ടത്തില്‍ നിന്നും ഗ്രാറ്റുവിറ്റിയായിട്ടും വീടും സ്ഥലവും ഇല്ലാത്തവര്‍, ഗ്രാറ്റുവിറ്റിയായിട്ട് സ്ഥലമുണ്ട് വീടില്ല, ഗ്രാറ്റുവിറ്റിയാകാതെ നിലവില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളിയ്ക്ക് വീടും സ്ഥലവും ഇല്ലാത്തവര്‍, നിലവിലെ തൊഴിലാളി വീട് വെക്കാന്‍ സ്ഥലമുണ്ട് വീട്ടില്ലാത്തവര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് തരം തിരിച്ചിരിക്കുന്നത്. ഒന്നാമത്തെ മുന്‍ഗണനയിലുളളവര്‍ക്ക് തോട്ടം ഉടമകളുമായി സഹകരിച്ച് ഫ്‌ലാറ്റ് മാതൃകയില്‍ വീട് നിര്‍മ്മിക്കുവാനാണ് പദ്ധതി ഓരോ കുടുംബത്തിനും 8 ലക്ഷം ചിലവ് വരും. സ്ഥലം ഉള്ളവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ലേബര്‍ ഓഫിസ് മുഖേന പണം സര്‍ക്കാര്‍ നല്‍കുമെന്നാണ് പദ്ധതിയില്‍ പറയുന്നത് .വേണ്ടത്ര പ്രചാരണം കൊടുക്കാത്തതും തൊഴിലാളികള്‍ അറിയാത്തതുമാണ് അപേക്ഷകള്‍  കുറയാന്‍ കാരണം.
Next Story

RELATED STORIES

Share it