Idukki local

ലൈഫ് മിഷന്‍ പദ്ധതി ലിസ്റ്റിലെ അനര്‍ഹരെ ഒഴിവാക്കും

തൊടുപുഴ: ലൈഫ് മിഷന്‍ പദ്ധതിയുടെ ലിസ്റ്റില്‍ കടന്നുകൂടിയ അനര്‍ഹരെ ഒഴിവാക്കും. 837 പേരുടെ ഭീമന്‍ ലിസ്റ്റാണ് തയ്യാറാക്കിയിരുന്നത്. ഇതാണ് പുനപരിശോധിക്കുന്നത്. വാര്‍ഡു സഭകളില്‍നിന്നു തിരഞ്ഞെടുത്തവരുടെ ലിസ്റ്റില്‍ അപാകതയുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലിസ്റ്റ് പുനപ്പരിശോധിക്കുന്നത്.
ഒന്നുമുതല്‍ ഏഴുവരെ വാര്‍ഡുകളിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ 17നും എട്ടു മുതല്‍ 14 വരെ വാര്‍ഡുകളിലുള്ളവര്‍ 18നും 15 മുതല്‍ 22 വരെ വാര്‍ഡുകളിലുള്ളവര്‍ 19നും 23 മുതല്‍ 29 വരെ വാര്‍ഡുകളിലുള്ളവര്‍ 20നും 30 മുതല്‍ 35 വരെ വാര്‍ഡുകളിലുള്ളവര്‍ 22നും മുനിസിപ്പല്‍ ഓഫിസില്‍ ഹാജരാവണം. റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഐഡന്റിറ്റി കാര്‍ഡ്, ക്ഷേമ പെന്‍ഷനുകളുടെ കാര്‍ഡുകളുടെ കോപ്പി തുടങ്ങിയ രേഖകളാണ് ഹാജരാക്കേണ്ടത്.
25ന് അന്തിമ കരടു ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഭൂമിയില്ലാത്ത കുടുംബം, പാരമ്പര്യമായി ഭൂമി ലഭിക്കാന്‍ സാധ്യതയില്ലാത്തവര്‍, രോഗികളായ വിധവകള്‍ തുടങ്ങിയവരാണ് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവരെങ്കിലും സ്വന്തമായി ഭവനമുള്ളവരും മൂന്നു ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, ശരീരിക തളര്‍ച്ച സംഭവിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതരമാരകരോഗമുള്ളവര്‍, അവിവാഹിതരായ അമ്മമാര്‍, രോഗം മൂലമോ അപകടത്തില്‍പ്പെട്ടോ ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ പ്രാപ്തിയില്ലാത്തവര്‍, വിധവകള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.
ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, ഭവനനിര്‍മാണം പൂര്‍ത്തിയാക്കാത്തവര്‍, വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഭവനപദ്ധതികള്‍ സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.
Next Story

RELATED STORIES

Share it