ലൈഫ് മിഷന്‍ പദ്ധതി: ഭവനരഹിതര്‍ക്കായി ചിന്നക്കനാലില്‍ 243 വീടുകള്‍ നിര്‍മിക്കുന്നു

തൊടുപുഴ: ഗ്രാമപ്പഞ്ചായത്തിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിന്നക്കനാലില്‍ 243 വീടുകള്‍ പുതുതായി നിര്‍മിക്കുന്നു. വീടുകള്‍ നല്‍കുന്നതു സംബന്ധിച്ച അന്തിമ പട്ടിക ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാവും.
ജൂലൈ ആദ്യവാരം അര്‍ഹരായവര്‍ക്ക് ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കൈമാറാനാണു പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വീടുകള്‍ക്ക് നാലുലക്ഷം രൂപ വീതമാണ് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്തിലെ ആദിവാസി മേഖലയായ ചെമ്പകത്തൊഴു, ടാങ്കുകുടി, പച്ചപ്പുല്‍ എന്നിവിടങ്ങളിലായി 22 കുടുംബങ്ങളെയാണ് ഉപഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ എസ്ടി വിഭാഗക്കാര്‍ക്ക് വീട് നിര്‍മിക്കുന്നതിന് ആറുലക്ഷം രൂപ വീതമാണ് അനുവദിക്കുക. ചിന്നക്കനാല്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഭൂപ്രകൃതി കൂടി കണക്കിലെടുത്ത് നിര്‍മാണസാമഗ്രികള്‍ എത്തിക്കുന്നതിനും മറ്റും വരുന്ന അധിക ചെലവു കൂടി ഉള്‍പ്പെടുത്തിയാണ് ആറുലക്ഷം രൂപ അനുവദിക്കുക.
പഞ്ചായത്ത് ശേഖരിച്ച ഉപഭോക്തൃ പട്ടികയുടെ അടിസ്ഥാനത്തില്‍ 100 വീടുകളുടെ പരിശോധനാ നടപടികള്‍ ഇതിനകം പൂര്‍ത്തിയായി. ഒരാഴ്ചയ്ക്കകം ബാക്കിയുള്ളവയുടെ പരിശോധനകളും പൂര്‍ത്തിയാവും. മുന്‍കാലങ്ങളില്‍ പാതിവഴിയില്‍ മുടങ്ങിപ്പോയ 31 വീടുകളുടെ നിര്‍മാണമാണ് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പഞ്ചായത്ത് ഏറ്റെടുത്തിരുന്നത്. ഇതില്‍ 24 വീടുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ബാക്കിയുള്ള ഏഴു വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി അന്‍പുരാജ് പറഞ്ഞു.
Next Story

RELATED STORIES

Share it