palakkad local

ലൈഫ് മിഷന്‍: ജില്ലയില്‍ 621 വീടുകള്‍ പൂര്‍ത്തിയാക്കി

പാലക്കാട്: ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 621 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ജില്ലയിലെ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന ഉദ്യോഗസ്ഥ യോഗം അറിയിച്ചതാണിക്കാര്യം.   ശേഷിക്കുന്ന വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷന്‍ ചീഫ് എക്—സിക്യൂട്ടീവ് ഓഫിസര്‍ ഡോ. അദീല അബ്—ദുള്ള തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ ആറായിരത്തോളം വീടുകളാണ് ലിന്റില്‍ റൂഫ് ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. ഈ വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും.
വീടുകളുടെ നിര്‍മാണ പുരോഗതി ദിവസവും ലൈഫ് മിഷന്‍ വെബ് സൈറ്റില്‍ രേഖപ്പെടുത്തണം. നിര്‍മാണത്തിന് ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പാക്കും.   സര്‍ക്കാര്‍ ധനസഹായം ഉണ്ടായിട്ടും വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഗുണഭോക്താക്കളെ സഹായിക്കാന്‍ സന്നദ്ധ സംഘടനകള്‍, എന്‍എസ്എസ് യൂനിറ്റുകള്‍, സര്‍വീസ് സംഘടനകള്‍ എന്നിവരുടെ സഹായം ഉറപ്പാക്കുമെന്നും ചീഫ് എക്—സിക്യൂട്ടീവ് ഓഫിസര്‍ പറഞ്ഞു.
വീട് നിര്‍മാണത്തിന് തുക തികയാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലൈഫ് മിഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് തുക അനുവദിക്കുമെന്ന് പ്രസിഡന്റ് കെ ശാന്തകുമാരി പറഞ്ഞു. സംസ്ഥാനതലത്തില്‍ നിര്‍മാണം നടക്കുന്ന വീടുകളുടെ എണ്ണത്തില്‍ രണ്ടാമതാണ് ജില്ല.
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍, പട്ടികജാതി-വര്‍ഗ-ന്യുനപക്ഷ ക്ഷേമ വകുപ്പുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ 9303 വീടുകളാണ് ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുക. ടോപ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡെപ്യുട്ടി ചീഫ് എക്—സിക്യൂട്ടീവ് ഓഫിസര്‍ സാബുക്കുട്ടന്‍ നായര്‍, പ്രോഗ്രാം മാനെജര്‍മാരായ അനീഷ്, ഫൈസി, എഡിഎം (ഇന്‍ ചാര്‍ജ്) ആര്‍ നളിനി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്റ്റര്‍ പി സി ബാലഗോപാലന്‍, ലൈഫ് മിഷന്‍  ജില്ലാ കോഡിനേറ്റര്‍ ഗിരീഷ്, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it