wayanad local

ലൈഫ് ഭവന പദ്ധതി: ആദ്യഘട്ട പട്ടികയില്‍ 7,224 വീടുകള്‍; ഫണ്ടില്‍ വ്യക്തതയില്ല



മാനന്തവാടി: ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം ലൈഫ് മിഷനിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത് 7,224 വീടുകള്‍. 2015-16 സാമ്പത്തിക വര്‍ഷം വരെ സര്‍ക്കാരിന്റെ വിവിധ ഭവന പദ്ധതികളിലൂടെ സാമ്പത്തിക സഹായം അനുവദിച്ചുകിട്ടിയിട്ടും വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരെ കണ്ടെത്തി 2018 മാര്‍ച്ച് 31നു മുമ്പായി വീട് പൂര്‍ത്തിയാക്കാനാണ് ലൈഫ് മിഷനിലൂടെ ആദ്യ വര്‍ഷം സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനാവശ്യമായ തുക തദ്ദേശസ്വയംഭരണ വകുപ്പുകള്‍ കണ്ടെത്തണമെന്നതാണ് പദ്ധതിയുടെ വിജയത്തില്‍ ആശങ്ക സൃഷ്ടിക്കുന്നത്. നിലവില്‍ ജില്ലയിലെ മിക്ക പഞ്ചായത്തുകളും ഭവനനിര്‍മാണത്തിനായി ഫണ്ട് നീക്കിവച്ചിട്ടില്ല. പദ്ധതി ഭേദഗതിയിലൂടെയോ മുന്‍കാലങ്ങളില്‍ നീക്കിവച്ച ഫണ്ടിലുള്ള ബാക്കി തുകയോ പലിശയോ ഈ പദ്ധതിക്കായി ഉപയോഗിക്കാനും ബാക്കി തുക പ്രാദേശികമായി സമാഹരിക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍, ജില്ലയില്‍ നിലവില്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ഭവനനിര്‍മാണം പൂര്‍ത്തിയാക്കണമെങ്കില്‍ ശതകോടികളാണ് ആവശ്യം. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം ജില്ലയില്‍ നിന്നു തിരഞ്ഞെടുത്തിരിക്കുന്നത് 7,224 വീടുകളാണ്. ഇതില്‍ 4,189 പട്ടികവര്‍ഗ വീടുകളും 650 പട്ടികജാതി വിഭാഗം വീടുകളും 2,385 ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള വീടുകളുമാണ്. ജനറല്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ പരിഗണിച്ചത് മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ നിന്നാണ്. 295 വീടുകള്‍ പരിഗണിച്ചപ്പോള്‍ അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്തില്‍ ജനറല്‍ വിഭാഗത്തില്‍ 17 വീടുകളാണ് പൂര്‍ത്തിയാക്കാനുള്ളത്. പട്ടികജാതി വിഭാഗത്തില്‍ നിന്നു മേപ്പാടി പഞ്ചായത്തിലെ 124 വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍ പട്ടികയിലിടം നേടിയപ്പോള്‍ തരിയോട് പഞ്ചായത്തില്‍ പണി പൂര്‍ത്തിയാവാത്ത വീടുകളില്ലെന്നാണ് കണ്ടെത്തിയത്. പട്ടികവര്‍ഗ വിഭാഗത്തിലുള്ള വീടുകള്‍ പൂര്‍ത്തിയാക്കാനാണ് ജില്ലയില്‍ കൂടുതലായി തുക വകയിരുത്തിയത്്. പനമരം പഞ്ചായത്തില്‍ 344 വീടുകളും മൂപ്പൈനാട് പഞ്ചായത്തില്‍ 38 വീടുകളുമാണ് നിര്‍മിക്കുക. അതാത് ഗ്രാമസഭകള്‍ ചേര്‍ന്ന് പട്ടികയ്ക്ക് അംഗീകാരം നല്‍കിയ ശേഷമായിരിക്കും പദ്ധതി ആരംഭിക്കുക. പാതിവഴിയില്‍ നിലച്ച വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി ഗുണഭോക്താവിനെ നേരിട്ട് ചുമതലപ്പെടുത്തുന്നതും സാമൂഹിക സംഘടനകളെയോ സര്‍ക്കാര്‍ അംഗീകൃത കരാറുകരെയോ ഏല്‍പ്പിക്കുന്നതുമായ രണ്ടു രീതികളാണ് അവലംബിക്കുക. ഒരു വീടിന് നാലുലക്ഷം രൂപ ചെലവ് നിജപ്പെടുത്തി നേരത്തെ കൈപ്പറ്റിയ തുകയുടെ ശതമാനം കണക്കാക്കി ബാക്കി തുക നല്‍കിയാണ് നിര്‍മാണ പ്രവൃത്തികള്‍ക്കു തുക അനുവദിക്കുക. തറ നിരപ്പ് വരെ 40,000 രൂപ, ചുമരുകള്‍, മേല്‍ക്കൂര വരെ പൂര്‍ത്തിയായാല്‍ 1,80,000 രൂപ, മേല്‍ക്കൂര  പൂര്‍ത്തിയായാല്‍ 80,000 രൂപ, മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാവുമ്പോള്‍ 80,000 രൂപ എന്നിങ്ങനെയാണ് തുക നല്‍കുക. വാര്‍ഡ് തലം മുതല്‍ ജില്ലാതലം വരെ രൂപീകരിക്കുന്ന കര്‍മസമിതികളാണ് ലൈഫ് മിഷന്‍ ഭവനനിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. നിര്‍മാണ വേളകളില്‍ തടസ്സങ്ങളുണ്ടാവുന്നതുള്‍പ്പെടെ പരിഗണിച്ച് 2018 ഫെബ്രുവരി 28നു മുമ്പായി പണിപൂര്‍ത്തിയാക്കി മാര്‍ച്ച് 31നകം ഓഡിറ്റ് റിപോര്‍ട്ട് നല്‍കാനാണ് തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it