thiruvananthapuram local

ലൈഫ് പദ്ധതിയും കനിഞ്ഞില്ല; വീടെന്ന മോഹം ബാക്കിയാക്കി ഗൃഹനാഥന്‍ മരിച്ചു

വിജി പോറ്റി കിളിമാനൂര്‍

കിളിമാനൂര്‍: ലൈഫ് പദ്ധതി വന്നെങ്കിലും പഞ്ചായതാധികൃതരുടെ അനാസ്ഥ മൂലം അപേക്ഷകരില്‍ ഭൂരിഭാഗവും തഴയപ്പെട്ട പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തില്‍  പട്ടികയില്‍ പേരുപോലും കാണാന്‍ കഴിയാതെ ചെറ്റകുടില്‍ വീടാക്കാമെന്ന  മോഹം ബാക്കിയാക്കി ഗൃഹനാഥന്‍ മരിച്ചു.
പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് കെ രാജേന്ദ്രന്‍ പ്രതിനിധാനം ചെയ്യുന്ന വണ്ടന്നൂര്‍ വാര്‍ഡില്‍ വണ്ടന്നൂര്‍ ചെമ്പാരംകോണം ചരുവിള പുത്തന്‍ വീട്ടില്‍ നടേശന്‍ (58) ആണ് കഴിഞ്ഞ ദിവസം ചെറുതെങ്കിലും സ്വന്തമായി നല്ലൊരു വീടെന്ന മോഹം ബാക്കി വച്ച് മരിച്ചത്. പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളാണ് നടേശന്‍. കൂലിപ്പണിയായിരുന്നു തൊഴില്‍. കഴിഞ്ഞ ദിവസം വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉല്‍സവവുമായി ബന്ധപ്പെട്ട് വീടിന് മുന്നില്‍ അലങ്കരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണായിരുന്നു മരണം. ഹൃദയ സംബന്ധമായി അസുഖമുള്ള ആളായിരുന്നു നടേശന്‍. ഭാര്യയും മൂന്നു മക്കളും അവരുടെ നാലു ചെറുകുട്ടികളും അടങ്ങുന്നതാണ് നടേശന്റെ  കുടുംബം. ഇതില്‍ രണ്ടു പെണ്‍മക്കളെ വിവാഹം ചെയ്തു വിട്ടു. അവരിരുവരും സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ ചെങ്ങറ സമര ഭൂമിയില്‍ കുടില്‍ കെട്ടി താമസിച്ചു വരികയാണ്.
നടേശനും ഭാര്യ സുധര്‍മയും മകന്‍ സനീഷും വീടെന്ന് പറയാന്‍ പോലും കഴിയാത്ത പ്ലാസ്റ്റിക്ക് കൊണ്ട് കുത്തിമറച്ച കുടിലിലാണ് താമസിക്കുന്നത്. സമീപത്ത് തന്നെ കടം വാങ്ങിയും മറ്റും ചെറിയൊരു വീട് മകന്‍ വക്കുകയാണ്. അതിന്റെ പണിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. വീടിന്റെ പണി തീര്‍ന്നിട്ട് വിവാഹം കഴിക്കുമെന്ന് കരുതിയാണ് സനീഷ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. പണി തീരാത്തതിനാല്‍ 32 വയസ്സായിട്ടും വിവാഹവും നീണ്ടു പോവുകയാണ്.
പട്ടികജാതി വിഭാഗങ്ങള്‍ക്ക് വീട് വയ്്ക്കുന്നതടക്കം നിരവധി പദ്ധതികളാണ് ഉള്ളത്. ഒന്നും ഇവരെ തേടി വന്നിട്ടില്ല. വീടിനായി പലതവണ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും പരിഗണിച്ചില്ലെന്നിവര്‍ പറയുന്നു. അനര്‍ഹരായ പലര്‍ക്കും വീടടക്കം പലതും നല്‍കുമ്പോള്‍ അവരുടെ കൂടെ കൊടി പിടിക്കാനും സിന്ദാബാദ് വിളിക്കാനും പോകാത്തത് കൊണ്ടാണ് ആനുകൂല്യങ്ങള്‍ ഒന്നും തരാത്തതെന്നും എല്ലാ ഗ്രാമ സഭകളിലും പങ്കെടുക്കുമെങ്കിലും ആനുകൂല്യങ്ങളുടെ കാര്യം വരുമ്പോള്‍ തങ്ങള്‍ തഴയപ്പെടുകയാണെന്നും നടേശന്റെ ഭാര്യ സുധര്‍മ പറയുന്നു.
Next Story

RELATED STORIES

Share it