thrissur local

ലൈഫ് ഗാര്‍ഡ്‌സ് പണിമുടക്കില്‍

ചാവക്കാട്: രണ്ട് മാസമായി ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ചാവക്കാട്, തളിക്കുളം ബീച്ചുകളിലെ ലൈഫ് ഗാര്‍ഡുമാര്‍ പണിമുടക്കാരംഭിച്ചു. ചാവക്കാട്ടുള്ള നാലുപേരും തളിക്കുളത്തുള്ള നാല് പേരുമുള്‍പ്പെടെ എട്ടുപേരാണ് പണിമുടക്കാരംഭിച്ചത്.
പ്രശ്‌നത്തിന് പരിഹാരം കാണാതെ ഇനി ജോലിചെയ്യാനില്ലെന്ന് അറിയിച്ച്  ജില്ലാ ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലാണ് ജീവനക്കാര്‍ കത്ത് നല്‍കിയത്. മാര്‍ച്ച്, ഏപ്രില്‍ മാസത്തെ ശമ്പളം കിട്ടാത്തതിനാല്‍ ദുരിതത്തിലാണ് തങ്ങളെന്നു ലൈഫ് ഗാര്‍ഡുമാര്‍ പറഞ്ഞു. വണ്ടിക്കൂലിക്കുപോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഇവര്‍ പറഞ്ഞു. തൃശൂരിലെ ഡിഡി ഓഫീസിലെത്തി ഇവര്‍ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയും വിവരം ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ തിരുവനന്തപുരത്തെ ടൂറിസം ഡയറക്ടര്‍ ഓഫീസില്‍നിന്ന് ജീവനക്കാര്‍ക്ക് നല്‍കുന്നതിനുള്ള തുക അനുവദിച്ചുകിട്ടാത്തതാണ് ശമ്പളം വൈകുന്നതിന് കാരണമെന്നാണ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് അധികൃതര്‍ പറയുന്നത്.
ജീവനക്കാര്‍ക്ക് നല്‍കുന്നതിന് പുതിയ അക്കൗണ്ട് അനുവദിക്കണമെന്നും ഇതുവരെ ഇത് അനുവദിച്ചുകിട്ടാത്തതാണ് പ്രശ്‌നമെന്നും പറയുന്നു. എട്ട് ജീവനക്കാര്‍ക്കായി പ്രതിമാസം 1.47 ലക്ഷം രൂപയാണ് ഡയറക്ടര്‍ ഓഫീസില്‍നിന്ന് അനുവദിക്കുന്നത്.
കുട്ടികളുടെ സ്‌കൂള്‍ തുറക്കുന്ന സമയത്ത് പണമില്ലാതെ നട്ടംതിരിയുന്ന സ്ഥിതിയാണ്. ദിനംപ്രതി നൂറുകണക്കിനാളുകളെത്തുന്ന ചാവക്കാട്, തളിക്കുളം ബീച്ചുകളില്‍ ഗാര്‍ഡുമാര്‍ ഇല്ലാത്തത് വലിയ സുരക്ഷാപ്രശ്‌നത്തിന് വഴിവെയ്ക്കുമെന്ന ആശങ്കയും ഉണ്ട്.
Next Story

RELATED STORIES

Share it