thrissur local

ലൈഫ് ഗാര്‍ഡില്ല; വിലക്കുകള്‍ ലംഘിച്ച് കടലിലിറങ്ങി കുളിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ചാവക്കാട്: ബ്ലാങ്ങാട് കടപ്പുറത്ത് വിലക്കുകള്‍ ലംഘിച്ച് കടലിലിറങ്ങിക്കുളിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ 50ഓളം വരുന്ന വിദ്യാര്‍ഥി സംഘം കടലിലിറങ്ങി തിമിര്‍ത്താടിയപ്പോള്‍ കരക്കു കയറ്റിയത് നാട്ടുകാര്‍.
ഇതേസമയം സഞ്ചാരികള്‍ കടലില്‍ കുളിക്കുന്നത് തടയാന്‍ നിയോഗിച്ച ലൈഫ്ഗാര്‍ഡ് തീരത്തുണ്ടായിരുന്നില്ല. കുട്ടികളടക്കം ആയിരക്കണക്കിനു വിനോദ സഞ്ചാരികളാണ് ദിനംപ്രതി ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ കടല്‍ കാണാനെത്തുന്നത്. കര്‍ണ്ണാടകയില്‍ നിന്നെത്തിയ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന 50ഓളം വരുന്ന സംഘം ഇന്നലെ വൈകീട്ട് മണിക്കൂറുകളോളം നേരം കടലിലിറങ്ങി തിമിര്‍ത്താടി. ഇവരെ കൂടാതെ ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നെത്തിയവരും കടലിലിറങ്ങിയിരുന്നു.
ഇവരില്‍ പലരും കടലില്‍ കുളിക്കാനിറങ്ങി. അപ്രതീക്ഷിതമായി ഉയര്‍ന്ന തിരകളില്‍പെട്ട് കുട്ടികളടക്കമുള്ളവര്‍ തെറിച്ചു വീഴുന്നതും കാണാമായിരുന്നു. എന്നാല്‍ പരിസരവാസികളില്‍ ചിലര്‍ അപകട സാധ്യത സഞ്ചാരികളെ ബോധ്യപ്പെടുത്തിയിട്ടും ഒരു ഫലവുമുണ്ടായില്ല.
കടല്‍ തീരത്ത് സഞ്ചാരികളെ നിയന്ത്രിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈഫ് ഗാര്‍ഡുകളെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇന്നലെ ഏറെനേരം ഒരു ലൈഫ് ഗാര്‍ഡ് തീരത്തുണ്ടായിരുന്നെങ്കിലും വൈകീട്ടോടെ ഇയാളെ കാണാനില്ലായിരുന്നു. മുമ്പ് ഇതര സംസ്ഥാനത്തു നിന്നുള്ള സഞ്ചാരിയുള്‍പ്പെടെ നിരവധിപേര്‍ തിരയില്‍പ്പെട്ട് മരിച്ചിരുന്നു. കടലിന്റെ സ്വഭാവവും തിരമാലകളിലുണ്ടാകുന്ന ചുഴിക്കുത്തുകളുമറിയാത്തവരാണ് കടലിലിറങ്ങി കുളിക്കുന്നവരിലേറെയും. നിലവില്‍ ഒരാള്‍ക്ക് നടക്കാവുന്ന ആഴമാണ് ഏറെദൂരം വരെയുള്ളത്. ഈ അവസ്ഥവച്ചാണ് പലരും കടലിലിറങ്ങി അകലേത്തേക്ക് നീന്തിക്കുളിക്കുന്നത്. എന്നാല്‍ കടലിന്റെ സ്വഭാവമറിയതെയും നീന്താനറിയാതെയും പലരും കടലിറങ്ങുന്നത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാവുമെന്ന ആശങ്കയാണ് തീരത്തുള്ളവര്‍ക്ക്. ബ്ലാങ്ങാട് കടല്‍ത്തീരത്ത് ലൈഫ് ഗാര്‍ഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it