palakkad local

ലൈഫ്മിഷന്‍ പദ്ധതിയില്‍ രണ്ടരലക്ഷം വീടുകള്‍: മന്ത്രി കെ ടി ജലീല്‍

പാലക്കാട്: സംസ്ഥാനത്ത് ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി രണ്ടര ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണ പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് 2450 പേര്‍ക്കായുളള വീടുകളുടെ പ്രവൃത്തിയാണ് നടക്കുന്നത്.
ഗ്രാമ പ്രദേശങ്ങളില്‍ 1,00,701 വീടുകളും നഗരപ്രദേശങ്ങളില്‍ 7500 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി മന്ത്രി അറിയിച്ചു. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് റേഷന്‍കാര്‍ഡിന്റെ അപര്യാപ്തതയുണ്ടെങ്കില്‍ ഗ്രാമസഭയുടെ അംഗീകാരത്തോടെ പദ്ധതിക്ക് പരിഗണിക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. അര്‍ഹരായവരിലേക്ക് ആനുകൂല്യം എത്തിക്കുന്നതിന്  ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നിര്‍ബന്ധബുദ്ധിയോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വരും വര്‍ഷങ്ങളില്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളില്‍ പഞ്ചായത്ത് ദിനാഘോഷം നടത്താനുള്ള നടപടികള്‍ നടക്കുകയാണെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു.
പാലക്കാട്- മണ്ണാര്‍ക്കാട് നഗരസഭകളില്‍  പദ്ധതി നടത്തിപ്പിനായി ലഭിച്ച ഭൂമി വില്‍പന ചെയ്തവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദ്യഘട്ട അവലോകന യോഗത്തില്‍ കൊടുമ്പ് ഗ്രാമപ്പഞ്ചായത്ത്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്, പാലക്കാട് നഗഗരസഭ പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രകടനം നടത്തിയതായി മന്ത്രി അറിയിച്ചു. മുന്‍ വര്‍ഷം ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചതെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ 2016-17 വര്‍ഷത്തില്‍ ദീന്‍ദയാല്‍ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്‌കാരം കരസ്ഥമാക്കിയ ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്തിന് മന്ത്രി അവാര്‍ഡ് നല്‍കി. 2017-18 വര്‍ഷത്തില്‍ 90 ശതമാനത്തിലധികം പദ്ധതി ചെലവ് കൈവരിച്ച  ചെര്‍പ്പുളശ്ശേരി, ഷൊര്‍ണൂര്‍, ചിറ്റൂര്‍-തത്തമംഗലം നഗരസഭകള്‍,  അട്ടപ്പാടി, തൃത്താല, പാലക്കാട്, ഒറ്റപ്പാലം, നെന്മാറ, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തുകള്‍, 90 ശതമാനത്തിലധികം - നികുതി പിരിവ്  നടത്തിയ ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, ചിറ്റൂര്‍-തത്തമംഗലം നഗരസഭകള്‍, 100 ശതമാനം പദ്ധതി ചെലവ് കൈവരിച്ച ആലത്തൂര്‍, മലമ്പുഴ, കുഴല്‍മന്ദം, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തുകള്‍, ലെക്കിടി പേരൂര്‍, ഓങ്ങല്ലൂര്‍, തൈക്കര, പെരുങ്ങോട്ടുകുറിശ്ശി, കേരളശ്ശേരി, പെരുവെമ്പ്, തിരുമിറ്റകോട്, കുത്തന്നൂര്‍, അഗളി ഗ്രാമപഞ്ചായത്തുകള്‍, 100 ശതമാനം നികുതി പിരിവ് നടത്തിയ കടമ്പഴിപ്പുറം, അനങ്ങനടി, തേങ്കുറിശി, തൃക്കടീരി, എലവഞ്ചേരി, മണ്ണൂര്‍, കേരളശ്ശേരി, ചളവറ, വെളളിനേഴി എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് കെ ശാന്തകുമാരി അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍, നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ഡോ.ഉമ്മു സല്‍മ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുധാകരന്‍, എ.ഡി.സി(ജനറല്‍) കെ.ജി.ബാബു, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it