Idukki local

ലൈഫ്മിഷന്‍: ഒന്നാംഘട്ടം മാര്‍ച്ച് 31ന് പൂര്‍ത്തിയാവും

ഇടുക്കി: ജില്ലയില്‍ ലൈഫ്മിഷന്‍ പദ്ധതിയില്‍പ്പെടുത്തിയ പൂര്‍ത്തിയാകാത്ത വീടുകളുടെ നിര്‍മ്മാണം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാന്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ലൈഫ്മിഷന്‍ ജില്ലാതല അവലോകനയോഗം തീരുമാനിച്ചു.  യോഗത്തില്‍ ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ ഇതുവരെ 145 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഒന്നാംഘട്ടത്തില്‍ 4630 വീടുകളാണ് പൂര്‍ത്തീകരിക്കാനുള്ളത്. 498 വീടുകളുടെ മേല്‍ക്കൂരവരെ പൂര്‍ത്തിയായി. ഗ്രാമപഞ്ചായത്തുകളില്‍ 893ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 1104 ഉം പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ 1009 ഉം പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ 1572 ഉം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ മൂന്നും രണ്ട് നഗരസഭകളിലുമായി 49 ഉം വീടുകളാണ് പൂര്‍ത്തിയാകാനുള്ളത്. ഗുണഭോക്താക്കള്‍ക്ക് നല്‍കാനുള്ള തുകയുടെ 50 ശതമാനം മുന്‍കൂറായി നല്‍കി പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് എസ്റ്റിമേറ്റ് പ്രകാരമുള്ള തുക നല്‍കുന്നതാണ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കളുടെ വീടുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കല്‍ ജനുവരി 15നകം പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികളോട് നിര്‍ദേശിച്ചു.രണ്ടാംഘട്ട പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക ഒമ്പത് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും പ്രസിദ്ധീകരിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രാമ/ വാര്‍ഡ് സഭകള്‍ പൂര്‍ത്തിയാക്കി. ജനുവരി 15നകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഡേറ്റാ എന്‍ട്രിയില്‍ വന്ന തെറ്റുമൂലമോ റേഷന്‍കാര്‍ഡ് ഇരട്ടിപ്പ് മൂലമോ സംഭവിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാങ്കേതിക വിദ്ഗധന്റെ നേതൃത്വത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് പരിശീലനവും ഇതോടനുബന്ധിച്ച് നല്‍കി.യോഗത്തില്‍  ലൈഫ്മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ രവിരാജ്, സനോബ്, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ റ്റി എ മുഹമ്മദ്ജാ, ലൈഫ്മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ കെ പ്രവീണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്, എഡിസി  സാജു സെബാസ്റ്റ്യന്‍, എഡിസി(ജനറല്‍) എന്‍ ഹരി സംബന്ധിച്ചു.
Next Story

RELATED STORIES

Share it