ലൈംഗിക പീഡനത്തിനിരയായ ബംഗ്ലാദേശി പെണ്‍കുട്ടികളുടെ തിരിച്ചുപോക്ക്; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് ആവശ്യം

തിരുവനന്തപുരം: ലൈംഗിക പീഡനത്തിന് ഇരയായി സ്വദേശത്തേക്കു മടങ്ങാനാവാതെ കോഴിക്കോട് മഹിളാമന്ദിരത്തില്‍ അന്യായ തടങ്കലില്‍ കഴിയുന്ന ബംഗ്ലാദേശ് യുവതികളെ സ്വദേശത്ത് എത്തിക്കുന്നതിനു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ ആവശ്യപ്പെട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസ് ഈമാസം 22നു കോഴിക്കോട് മഹിളാമന്ദിരം സന്ദര്‍ശിക്കും.
11 ബംഗ്ലാദേശികള്‍ കോഴിക്കോട് ജില്ലാ ജയിലിലും മഹിളാമന്ദിരത്തിലുമായുള്ളത്. ഇവരില്‍ നാലുപേര്‍ സ്ത്രീകളാണ്. അതില്‍ മൂന്നുപേര്‍ ലൈംഗികപീഡനത്തിന് ഇരയായവരാണ്. മൂന്നു യുവതികളും എട്ടു വര്‍ഷത്തോളമായി കോഴിക്കോട് മഹിളാമന്ദിരത്തില്‍ അന്യായ തടങ്കലിലാണ്. 11 പേരില്‍ 7 പുരുഷന്‍മാരെ ബംഗ്ലാദേശിലേക്കു തിരിച്ചയച്ചു. സെക്‌സ് റാക്കറ്റാണ് പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചത്. ലൈംഗിക പീഡനക്കേസിലെ പ്രതികള്‍ ഒളിവിലാണെന്നു പറയപ്പെടുന്നു. മഹിളാമന്ദിരത്തില്‍ കഴിയുന്ന മൂന്നു സ്ത്രീകളാണ് കേസിലെ സാക്ഷികള്‍.
പ്രതികളെ കണ്ടുപിടിക്കാന്‍ കഴിയാതിരിക്കുമ്പോള്‍ യുവതികളെ സ്വദേശത്തേക്ക് അയക്കുന്നതെങ്ങനെയെന്നാണ് പോലിസിന്റെ സംശയം. നാലാമത്തെ യുവതി കോഴിക്കോടുതന്നെയുള്ള മറ്റൊരു മഹിളാമന്ദിരത്തിലാണുള്ളത്. ബംഗളൂരു പോലിസ് അന്വേഷിക്കുന്ന ക്രിമിനല്‍ കേസില്‍ സാക്ഷിയാണ് ഇവര്‍. കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ നടന്ന കേസുകളായതിനാല്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അന്വേഷിക്കാന്‍ തടസ്സമുള്ളതിനാലാണ് കേസ് ദേശീയ കമ്മീഷന് കൈമാറിയത്. ആം ഓഫ് ജോയ് എന്ന സന്നദ്ധസംഘടനയ്ക്കുവേണ്ടി ജി അനൂപാണ് കമ്മീഷനെ സമീപിച്ചത്.
ഇരകളെ എന്‍സിഎച്ച്ആര്‍ഒ പ്രതിനിധിസംഘം സന്ദര്‍ശിച്ചു

കോഴിക്കോട്: നീതിക്കുവേണ്ടി നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ബംഗ്ലാദേശി പെണ്‍കുട്ടികളായ കുല്‍സും (മൊയ്‌ന), രൂപാലി (രൂപ), നസ്രിം (നോദിയ), രൂപ എന്നിവരെ ദേശീയ മനുഷ്യാവകാശ ഏകോപനസമിതി (എന്‍സിഎച്ച്ആര്‍ഒ) പ്രതിനിധികള്‍ സന്ദര്‍ശിച്ചു. കോഴിക്കോട് വെള്ളിമാടുകുന്നിലെ മഹിളാ മന്ദിരത്തിലെത്തി സൂപ്രണ്ട് സതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ഇരകളായ പെണ്‍കുട്ടികളെ കണ്ട് മോചനമാര്‍ഗങ്ങള്‍ ആരായുകയും ചെയ്തു. ബംഗ്ലാദേശിലെ ഇവരുടെ ദാരിദ്ര്യം മുതലെടുത്ത് തൊഴില്‍ വാഗ്ദാനം നല്‍കിയാണ് ഏജന്‍സി ഇവരെ മുംബൈയിലും ബംഗളൂരുവിലും ഒടുവില്‍ കേരളത്തിലും എത്തിച്ചത്.
ബംഗ്ലാദേശി പെണ്‍കുട്ടികളെ സാങ്കേതികത്വത്തിന്റെ പേരില്‍ തടവിലാക്കിയിരിക്കുന്നത് ന്യായീകരിക്കാനാവില്ല. വേട്ടക്കാര്‍ക്കു സുരക്ഷയും ഇരകള്‍ക്കു തടവും വിധിച്ചിരിക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും എന്‍സിഎച്ച്ആര്‍ഒ പ്രതിനിധികളായ വിളയോടി ശിവന്‍കുട്ടി, എ വാസു, എം കെ ശറഫുദ്ദീന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it