ലൈംഗിക ചൂഷണം സംബന്ധിച്ച വിവരങ്ങള്‍ നാളെ സോളാര്‍ കമ്മീഷന് കൈമാറുമെന്ന് സരിത

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സോളാര്‍ കമ്മീഷന് നാളെ കൈമാറുമെന്ന് സരിത എസ് നായര്‍. മുദ്ര വച്ച രണ്ട് കവറുകളിലാണ് വിവരങ്ങള്‍ കൈമാറുക. ഒരു കവറില്‍ ലൈംഗിക ചൂഷണം സംബന്ധിച്ച വിവരങ്ങളും മറ്റൊന്നില്‍ ഇതുമായി ബന്ധപ്പെട്ട സിഡിയും പെന്‍ഡ്രൈവുകളുമായിരിക്കും നല്‍കുകയെന്ന് സരിത സോളാര്‍ കമ്മീഷനെ അറിയിച്ചു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ തന്റെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ തുറന്ന കോടതിയില്‍ ചര്‍ച്ച ചെയ്യാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ട്. താന്‍ ജയിലില്‍ വച്ചെഴുതിയ വിവാദ കത്ത് പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ കടുത്ത എതിര്‍പ്പുണ്ടെന്നും സരിത അറിയിച്ചു.
സരിത നല്‍കുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നും എന്നാല്‍ ആരോപണവിധേയരായവരോട് അവരുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് പറയുമെന്നും അവര്‍ക്ക് മാത്രം സരിതയെ ക്രോസ് വിസ്താരം ചെയ്യാമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ടീം സോളാര്‍ കമ്പനിയുടെ വളര്‍ച്ചയിലും തളര്‍ച്ചയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫിസിനും പങ്കുണ്ടായിരുന്നുവെന്നും സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി രൂപ നല്‍കിയെന്ന ബിജു രാധാകൃഷ്ണന്റെ മൊഴി സത്യമാണോ എന്നറിയില്ല. 1.90 കോടി രൂപയാണ് മുഖ്യമന്ത്രിക്ക് താന്‍ നേരിട്ട് നല്‍കിയത്. മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും മാത്രമേ താന്‍ നേരിട്ട് പണം നല്‍കിയിട്ടുള്ളൂവെന്നും സരിത അറിയിച്ചു. തൃക്കാക്കര എംഎല്‍എ ബെന്നി ബഹനാന് 2011 നവംബറില്‍ 5 ലക്ഷം രൂപ പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് സംഭാവനയായി നല്‍കിയിരുന്നു. പി സി വിഷ്ണുനാഥ് എംഎല്‍എ മാനവികയാത്ര നടത്തിയ സമയത്താണ് ഫണ്ട് ചോദിച്ചു വാങ്ങിയത്. രണ്ട് തവണയായി രണ്ട് ലക്ഷം രൂപ വിഷ്ണുനാഥിന് നല്‍കി. തുക കൈപ്പറ്റിയതായി രണ്ട് എംഎല്‍എമാരും രസീത് നല്‍കിയിട്ടില്ലെന്നും സരിത പറഞ്ഞു.
ബെന്നി ബഹനാനെ തനിക്ക് നേരത്തെ പരിചയമുണ്ടെന്നും സരിത കമ്മീഷനെ അറിയിച്ചു. അനര്‍ട്ട് ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടായിരുന്നുവെന്നും മാസത്തില്‍ ഏഴ് തവണ വരെ ഓഫിസില്‍ പോവുമായിരുന്നുവെന്നും സരിത പറഞ്ഞു.
Next Story

RELATED STORIES

Share it