ലൈംഗിക ആരോപണം: ടെറി മുന്‍ മേധാവി പച്ചൗരിക്ക് സമന്‍സ്

ന്യൂഡല്‍ഹി: ടെറി (ദ എനര്‍ജി ആന്റ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ട്) മുന്‍ മേധാവി ആര്‍ കെ പച്ചൗരിക്ക് ലൈംഗിക പീഡനക്കേസില്‍ ഡല്‍ഹിയിലെ കോടതി സമന്‍സ് അയച്ചു. പച്ചൗരിയുടെ മുന്‍ സഹപ്രവര്‍ത്തക സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. പരാതിയിന്‍മേല്‍ പച്ചൗരിക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 341, 354 (എ), (ബി), (ഡി), 509 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കിയിരുന്നു. ജൂലൈ 11നാണ് പച്ചൗരിക്ക് കോടതിക്ക് മുമ്പാകെ ഹാജരാവേണ്ടി വരികയെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ശിവാനി ചൗഹാന്‍ പറഞ്ഞു.
മാര്‍ച്ച് ഒന്നിനാണ് ഡല്‍ഹി പോലിസ് 1,400 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വ്യത്യസ്ത വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കുറ്റപത്രം. പരാതിക്കാരിയുടെ വ്യക്തമായ എതിര്‍പ്പുണ്ടായിട്ടും ശരിയല്ലാത്ത രീതിയില്‍ പ്രതി അവരെ സ്പര്‍ശിച്ചു. പരാതിക്കാരിക്ക് പ്രതി ഉചിതമല്ലാത്ത രീതിയില്‍ എസ്എംഎസുകളും വാട്‌സ് അപ് സന്ദേശങ്ങളും അയച്ചെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു.
23 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇവരില്‍ ഭൂരിഭാഗവും ടെറിയിലെ ജീവനക്കാരോ മുന്‍ ജീവനക്കാരോ ആണ്. കേസില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പച്ചൗരിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പച്ചൗരിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Next Story

RELATED STORIES

Share it