ലൈംഗിക അതിക്രമം: ഇരകള്‍ക്ക് നീതി ഉറപ്പാക്കും- വൃന്ദ കാരാട്ട്‌

കോഴിക്കോട്: പാര്‍ട്ടിക്കകത്തായാലും വര്‍ഗസംഘടനകള്‍ക്കുള്ളിലായാലും ലൈംഗിക അതിക്രമത്തിന് ഇരകളാവുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തകയോഗം എന്‍ജിഒ യൂനിയന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഒരുതരത്തിലുള്ള സ്ത്രീപീഡനത്തെയും അംഗീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാവില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഖംനോക്കാതെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും വൃന്ദ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് പരാതി ലഭിച്ചാല്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി നിരവധി പദ്ധതികളാണ് കേരളത്തില്‍ ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ത്രീകളെ പീഡിപ്പിക്കുന്നവരെ അംഗീകരിക്കാന്‍ തയ്യാറല്ല. ഇപ്പോഴുണ്ടായ സംഭവത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. രാജ്യത്ത് എവിടെയായാലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനെതിരേ സിപിഎം ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഇരകള്‍ക്ക് നീതി ഉറപ്പാക്കുംവരെ സിപിഎം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം മോദി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം പതിന്‍മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ജനാധിപത്യധ്വംസനവും പൗരസ്വാതന്ത്ര്യവും ഹനിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മോദിയും അമിത്ഷായും ചെയ്തുകൊണ്ടിരിക്കുന്നത്. പുതിയ ഇന്ത്യയെ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിക്കുന്ന അമിത്ഷായും ബിജെപിയിലെ മറ്റു നേതാക്കളും കേരളത്തിലെ മല്‍സ്യത്തൊഴിലാളികളെ കണ്ട് പാഠം പഠിക്കണം. പ്രളയകാലത്ത് ജാതി, മത ചിന്തകള്‍ക്കതീതമായാണ് മല്‍സ്യത്തൊഴിലാളികള്‍ ഓരോ ജീവനും രക്ഷിച്ചതെന്നും ഇത് മാതൃകയാക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറാവണമെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it