Articles

ലൈംഗികാതിക്രമങ്ങളും നിയമസാധ്യതകളും

നമ്രതാ മുഖര്‍ജി
കഴിഞ്ഞ ആഗസ്തില്‍ രാത്രിയില്‍ ചണ്ഡീഗഡില്‍ വച്ച് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകളായ വര്‍ണിക കണ്ടുവിനെ പിറകെ നടന്നു ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് ഹരിയാന ബിജെപി നേതാവിന്റെ മകന്‍ വികാസ് ബറാലെയുടെയും സുഹൃത്തിന്റെയും പേരില്‍ പോലിസ് കേസെടുത്തു. ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം 2013ലെ ഭേദഗതിക്കു ശേഷം പിറകെ നടന്നു ശല്യം ചെയ്യുന്ന കുറ്റകൃത്യത്തിന് ക്രമാതീതമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 2014ല്‍ 4,700 കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടിരുന്നതെങ്കില്‍ 2015 ആയപ്പോഴേക്കും 6,227 ആയി വര്‍ധിച്ചു. എന്നാല്‍, ഇന്ത്യയില്‍ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള ചര്‍ച്ച ബലാല്‍സംഗത്തില്‍ മാത്രം പരിമിതപ്പെട്ടുകിടക്കുകയാണ്.
2013ലെ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് പിറകെ നടന്നു ശല്യം ചെയ്യുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിയമം പരിമിതമായിരുന്നു. തദ്‌വിഷയകമായി സാമ്യത പുലര്‍ത്തുന്ന നിയമം ഐപിസി സെക്ഷന്‍ 509 ആണ്. സ്ത്രീയുടെ മാനം ഹനിക്കുന്ന വാക്ക്, പ്രവൃത്തി, ആംഗ്യങ്ങള്‍ എന്നിവ അതില്‍പ്പെടുന്നു. എന്നാല്‍, കുറ്റവാളി തന്റെ പ്രവര്‍ത്തനത്തിലൂടെ സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന് അന്യായക്കാരി തന്നെ തെളിയിക്കേണ്ടതിനാല്‍ ഇത്തരത്തിലുള്ള ഭീഷണി തടയാന്‍ മാത്രം ഈ നിയമം പര്യാപ്തമല്ല. എന്നാല്‍, ബലപ്രയോഗത്തെ കുറ്റകൃത്യമാക്കുന്ന സെക്ഷന്‍ 345 ശാരീരിക ശക്തിപ്രയോഗം എന്നു നിഷ്‌കര്‍ഷിക്കുന്നതുകൊണ്ട് ഈ നിയമവും പര്യാപ്തമല്ല. 2000ല്‍ പ്രാബല്യത്തില്‍ വന്ന വിവരസാങ്കേതികവിദ്യാനിയമവും ഇന്റര്‍നെറ്റിലൂടെ ശല്യം ചെയ്യുന്നതിനെതിരേ മതിയായ നടപടിയെടുക്കാന്‍ ഉതകുന്നതല്ല. ഈ നിയമത്തിനു കീഴില്‍ ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ/അവരുടെ അശ്ലീല ചിത്രം സ്വബോധത്തോടെ കൈമാറ്റം ചെയ്താല്‍ മാത്രമേ സാധുവാകുകയുള്ളൂ.
2012ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കൂട്ടമാനഭംഗത്തെ തുടര്‍ന്നുള്ള പൊതുജനപ്രക്ഷോഭവും സമ്മര്‍ദവുമാണ് സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളുടെ വ്യത്യസ്ത തലങ്ങളെ തിരിച്ചറിയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. മാനഭംഗപ്പെടുത്തലും അന്യരുടെ ലൈംഗികത കണ്ടാസ്വദിക്കലും പുറമേ പിറകെ നടന്ന് ശല്യം ചെയ്യലും 2013ലെ ഭേദഗതി അനുസരിച്ച് കുറ്റകൃത്യമാണ്. ഐപിസി സെക്ഷന്‍ 345 ഡി പ്രകാരം ശാരീരികമായും ഇന്റര്‍നെറ്റ് വഴിയുമുള്ള ശല്യം ചെയ്യലും കുറ്റകൃത്യമാണ്. ഇതില്‍ ഒന്നാം ഉപവകുപ്പിനു കീഴില്‍ സ്ത്രീ തന്റെ വൈമനസ്യം പ്രകടിപ്പിക്കുന്ന കാലത്തോളം കുറ്റവാളിയുടെ ഉദ്ദേശ്യത്തിനു പ്രസക്തിയില്ല. രണ്ടാം ഉപവകുപ്പ് പ്രകാരം ഓണ്‍ലൈന്‍ വഴി പിന്തുടരലും കുറ്റാര്‍ഹമാണ്.
ഭേദഗതികള്‍ സ്വാഗതാര്‍ഹമാവുമ്പോള്‍ തന്നെ രണ്ടാം ഉപവകുപ്പ് സ്വീകാര്യയോഗ്യമല്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. അത് അന്യായമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും വാദിക്കുന്നവരുണ്ട്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കു നേരെ വ്യത്യസ്ത രൂപഭാവത്തിലുള്ള അതിക്രമങ്ങള്‍ പതിവു കാഴ്ചയാണെങ്കിലും മാനഭംഗം പോലുള്ള ലൈംഗിക കുറ്റങ്ങള്‍ മാത്രമേ മുഖവിലയ്‌ക്കെടുക്കാറുള്ളൂ. അതേസമയം, പിറകെ നടന്ന് ശല്യം ചെയ്യല്‍ പോലുള്ള ചെറിയ അതിക്രമങ്ങള്‍ സാധാരണീകരിക്കപ്പെടുന്നു.
രാത്രികാലങ്ങളില്‍ സ്ത്രീകളെ ഉപദ്രവിക്കലും പിറകെ നടന്ന് ശല്യംചെയ്യലും ഒരു കുറ്റകൃത്യമായി പരിഗണിക്കാന്‍ ഡല്‍ഹിയില്‍ നടന്ന ഒരു മാനഭംഗക്കേസ് വേണ്ടിവന്നു എന്ന യാഥാര്‍ഥ്യം ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം ലാഘവത്തോടെയാണു കാണുന്നത് എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പൊതുജനസമ്മര്‍ദം ഇല്ലായിരുന്നെങ്കില്‍ നിര്‍ഭയ നിയമം പാസാക്കുമായിരുന്നില്ല എന്നുവരെ പറയാം. രസകരമായ കാര്യം, പിറകെ നടന്ന് ശല്യം ചെയ്യല്‍ ഒരു കുറ്റകൃത്യമായി കണക്കാക്കാനുള്ള നിര്‍ദേശത്തെ പല പാര്‍ലമെന്റേറിയന്മാരും രൂക്ഷമായി എതിര്‍ത്തുവെന്നതാണ്. ഇതിനെ തുടര്‍ന്ന് പിറകെ നടന്ന് ശല്യം ചെയ്യല്‍ ജാമ്യമില്ലാ കുറ്റകൃത്യമായി പരിഗണിക്കാനുള്ള കമ്മിറ്റി ശുപാര്‍ശ തള്ളപ്പെടുകയും ചെയ്തു. ഇന്നത്തെ നിലയില്‍ തുടര്‍ച്ചയായി പിറകെ നടന്ന് ശല്യം ചെയ്താല്‍ മാത്രമേ കുറ്റകൃത്യമാവുന്നുള്ളൂ. 2015ല്‍ രണ്ട് സ്്ത്രീകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയ കേസില്‍ ആസ്‌ത്രേലിയന്‍ കോടതി ഒരു ഇന്ത്യന്‍ വംശജനെ കുറ്റവിമുക്തനാക്കി. ഇത്തരത്തിലുള്ള സ്വഭാവം ഇന്ത്യയില്‍ സര്‍വസാധാരണയാണെന്നും ബോളിവുഡ് സിനിമകള്‍ ഇതിനെ പ്രോല്‍സാഹിപ്പിക്കുന്നു എന്നുമാണ് അയാള്‍ കാരണം ബോധിപ്പിച്ചത്.                      ി

കടപ്പാട്: ദ ഹിന്ദു
പരിഭാഷ: ഹാശിം പ
Next Story

RELATED STORIES

Share it