World

ലൈംഗികാതിക്രമം കുറ്റമാക്കി മൊറോക്കോയില്‍ പുതിയ നിയമം

റബാറ്റ്: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും ലൈംഗികാതിക്രമങ്ങളും ക്രിമിനല്‍ കുറ്റമാക്കി മൊറോക്കോയില്‍ ബില്ല് പാസായി. രാഷ്ട്രീയ വിമര്‍ശകര്‍ പുതിയ നിയമത്തെ സ്വാഗതം ചെയ്തു. അതേസമയം ലൈംഗികാതിക്രമത്തിനു വിധേയായ വ്യക്തിക്കു സാമ്പത്തിക സുരക്ഷിതത്വം നല്‍കാന്‍ നിയമത്തില്‍ പറയുന്നില്ലെന്നും ഇരയ്ക്കു സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയെക്കുറിച്ചോ, സേവനങ്ങളെക്കുറിച്ചോ വ്യക്തമാക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഫെബ്രുവരി 14നാണു പാര്‍ലമെന്റ് ബില്ലിന് രൂപം നല്‍കിയത്.
പൊതുഇടങ്ങളിലും സ്വകാര്യങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമം, ബലാല്‍സംഗം, ലൈംഗികാതിക്രമം, ഗാര്‍ഹിക പീഡനം എന്നിവയാണു ക്രിമിനല്‍ കുറ്റമായി നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളെക്കുറിച്ച് വിശദീകരണവും നല്‍കുന്നു.
ഇതില്‍ ഓണ്‍ലൈന്‍, ടെലിഫോണ്‍, വ്യക്തി മുഖേനയുമുള്ള ലൈംഗികാതിക്രമങ്ങള്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഒരു മാസം മുതല്‍ അഞ്ചു വര്‍ഷം വരെ തടവു ലഭിക്കാവുന്നതും 200 ഡോളര്‍ മുതല്‍ 1000 ഡോളര്‍ വരെ പിഴ ഈടാക്കാവുന്നതുമാണ്.
വിവാഹിതകള്‍ക്ക് പങ്കാളിയില്‍ നിന്നും നേരിടേണ്ടിവരുന്ന ശാരീരിക ലൈംഗിക പീഡനത്തെ സംബന്ധിച്ച് നിയമത്തില്‍ കൃത്യമായ നിര്‍വചനം ഇല്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്. 2009ല്‍ മൊറോക്കോയില്‍ നടത്തിയ സര്‍വേയില്‍ 62 ശതമാനം സ്ത്രീകളും വിവിധ പീഡനങ്ങള്‍ക്ക് ഇരയാവുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ കൗമാരിക്കു നേരെ ബസിലുണ്ടായ പീഡനം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സ്ത്രീ സുരക്ഷ സംബന്ധിച്ച് ശക്തമായ നിയമം വേണമെന്ന ആവശ്യമുയര്‍ന്നത്. പെണ്‍കുട്ടിയെ ചിലര്‍ ചേര്‍ന്നു പീഡിപ്പിക്കുമ്പോള്‍ ബസ് ജീവനക്കാരും യാത്രക്കാരും ഇടപെടാതെ നോക്കി നില്‍ക്കുന്ന ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്.

Next Story

RELATED STORIES

Share it