Kottayam Local

ലേലത്തില്‍ പിടിച്ചത് രണ്ടുമാസം; ആറു മാസത്തെ വാടക ആവശ്യപ്പെട്ടതായി പരാതി

എരുമേലി: രണ്ടു മാസത്തെ ഉപയോഗത്തിനു ലേലത്തില്‍ പിടിച്ച പഞ്ചായത്ത് കെട്ടിടത്തിലെ കടമുറിക്ക് ആറു മാസത്തെ വാടക ആവശ്യപ്പെട്ടതായി പരാതി. കടമുറി ലേലം ചെയ്തത് റദ്ദാക്കുന്നത് ഉള്‍പ്പടെ 59 വിഷയങ്ങള്‍ അജന്‍ഡയാക്കി ഇന്നു പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കാനിരിക്കെയാണ് ലേലം പിടിച്ചയാള്‍ പരാതി നല്‍കിയത്.ലേലം പിടിച്ചയാള്‍ വാടക അടച്ചില്ലെന്ന് ആരോപിച്ചാണ് ലേലം റദ്ദാക്കുന്നതിന് ഇന്നു കമ്മിറ്റിയില്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിപിഎം ഒറ്റക്കക്ഷിയായി ഭരണം നടത്തുന്ന എരുമേലിയില്‍ ഭരണ പങ്കാളിത്തമില്ലാത്തതിനാല്‍ ഇടഞ്ഞു നില്‍ക്കുന്ന സിപിഐയുടെ നേതാവാണ് കടമുറി ലേലം പിടിച്ചത്.സിപിഎം-സിപിഐ കലഹമാണ് ലേലം റദ്ദാക്കാനുള്ള നീക്കത്തിന്റെ പിന്നിലെന്ന് ആരോപണമുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രശ്‌നങ്ങൡല്ലെന്നും സ്വാഭാവികമായ നടപടികള്‍ മാത്രമാണു ലേലം റദ്ദാക്കലുമായി ബന്ധപ്പെട്ട് സ്വീകരിച്ചതെന്നും സെക്രട്ടറി പറയുന്നു. കഴിഞ്ഞ നവംബര്‍ 20നായിരുന്നു ലേലം. സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന മുക്കൂട്ടുതറ കാവുങ്കല്‍ വര്‍ഗീസ് ചാക്കോ (എബി) ആണ് ലേലം പിടിച്ചത്. മാസ വാടക 12,500 രൂപയ്ക്കാണു ലേലം ഉറപ്പിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 31 വരെയാണ് കടമുറി ഉപയോഗിക്കാനുള്ള കാലാവധി നല്‍കിയിരിക്കുന്നത്. 31ന് ശേഷം അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കു പുതിയ ലേലം നടത്തുകയോ കമ്മിറ്റി അനുമതി നല്‍കിയാല്‍ വാടക നിരക്കില്‍ അംഗീകൃത നിരക്ക് വര്‍ധിപ്പിച്ച് പുതുക്കി നല്‍കുകയോ ചെയ്യുമെന്ന് ഭരണസമിതി പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 12ന് കമ്മിറ്റി ചേര്‍ന്നു ലേലം അംഗീകരിച്ചതിനെ തുടര്‍ന്ന് ആറ് മാസത്തെ വാടക തുകയും ഈ തുകയുടെ ജിഎസ്ടി തുകയും ഡിപ്പോസിറ്റായി നല്‍കണമെന്നറിയിച്ച് കഴിഞ്ഞ ജനുവരി മൂന്നിനു നോട്ടീസ് നല്‍കി ലേലം പിടിച്ചയാളെ അറിയിച്ചിരുന്നു. എന്നാല്‍ ലേല വ്യവസ്ഥയ്ക്കു വിരുദ്ധമായി ആറു മാസത്തെ വാടക ആവശ്യപ്പെട്ടതു പകപോക്കലാണെന്നു പരാതിയില്‍ പറയുന്നു. രാഷ്ട്രീയ വിരോധമാണു ലേലം റദ്ദാക്കാനുള്ള നീക്കത്തിന്റെ പിന്നിലെന്നു വര്‍ഗീസ് ചാക്കോ ആരോപിക്കുന്നു. ജിഎസ്ടി ആവശ്യപ്പെട്ടതു ലേല വ്യവസ്ഥക്കു വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it