ലേലം വിഫലം: കിങ്ഫിഷര്‍ ട്രേഡ് മാര്‍ക്ക് വാങ്ങാന്‍ ആളില്ല

മുംബൈ: വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ ലൈന്‍സിന്റെ ബ്രാന്‍ഡുകളും ട്രേഡ് മാര്‍ക്കുകളും ലേലത്തില്‍ വാങ്ങാന്‍ ആരും വന്നില്ല. മല്യയില്‍നിന്നു വായ്പാകുടിശ്ശിക ഈടാക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകള്‍ ഇവ ലേലത്തിനുവച്ചത്. 366.70 കോടിയായിരുന്നു ലേലത്തിന്റെ കരുതല്‍ വിലയായി കണക്കാക്കിയിരുന്നത്.
ഇതു രണ്ടാം തവണയാണ് മല്യയുടെ വായ്പയുമായി ബന്ധപ്പെട്ട ലേല ശ്രമം പരാജയപ്പെടുന്നത്. നേരത്തേ കിങ്ഫിഷര്‍ ഹൗസ് ലേലം ചെയ്യാനുള്ള ബാങ്കുകളുടെ ശ്രമം വിഫലമായിരുന്നു. അന്നും ലേലത്തില്‍ പങ്കെടുക്കാന്‍ ആരും എത്തുകയുണ്ടായില്ല. കിങ്ഫിഷറിന്റെ ലോഗോ, ഫ്‌ളൈ ദി ഗുഡ് ടൈംസ് എന്ന ടാഗ് ലൈന്‍, ഫ്‌ളൈയിങ് മോഡല്‍സ്, ഫണ്‍ലൈനര്‍, ഫ്‌ളൈ കിങ്ഫിഷര്‍, ഫ്‌ളൈയിങ് ബേര്‍ഡ് ഡിവൈസ് തുടങ്ങിയ ട്രേഡ് മാര്‍ക്കുകള്‍ എന്നിവയാണ് ലേലത്തിന് വച്ചിരുന്നത്. കരുതല്‍ വില കൂടിയതുകൊണ്ടാണ് ലേലത്തില്‍ പങ്കെടുക്കാന്‍ ആളില്ലാതെ പോയതെന്ന് ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ലേലം തുടങ്ങിയത് ശനിയാഴ്ച 11.30 നായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് പരിപാടി അവസാനിപ്പിച്ചു. ബാങ്കുകള്‍ക്കു വേണ്ടി സ്‌കൈ കാപ് ട്രസ്റ്റി കമ്പനിയായിരുന്നു ലേല നടപടിക്ക് ചുക്കാന്‍ പിടിച്ചത്. കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ബ്രാന്‍ഡിന് അതിന്റെ പ്രതാപകാലത്ത് ഗ്രാന്റ് തോണ്‍ടണ്‍ 40,000 കോടിയിലേറെ വിലയിട്ടിരുന്നു.
Next Story

RELATED STORIES

Share it