Alappuzha local

ലേബലില്ലാത്ത കുപ്പിവെള്ളവും എഴുത്തില്ലാത്ത റൈറ്റിങ് പാഡും അനുവദിക്കും

ആലപ്പുഴ: ജില്ലയിലെ വിവിധ വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി  24041 വിദ്യാര്‍ഥികള്‍ എഴുതുന്ന എസ്.എസ്.എല്‍.സി പരീക്ഷ നാളെ തുടങ്ങി 28 ന് അവസാനിക്കും. പരീക്ഷ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. ചോദ്യക്കടലാസ്സുകള്‍ സൂക്ഷിച്ചിട്ടുള്ള ട്രഷറികളിലും ബാങ്കുകളിലും പോലിസ് സുരക്ഷയും വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലോക്കറുകളിലുള്ള ചോദ്യക്കടലാസ്സുകള്‍ അതത് ദിവസം രാവിലെ ഒമ്പതിനെടുത്ത് സ്‌കൂളുകളിലെത്തിക്കും. ഇതിനായി പ്രത്യേക ഉദ്യോഗസംഘത്തെ നിയമിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ ചീഫ് എക്‌സാമിനറും ഡപ്യൂട്ടി ചീഫ് എക്‌സാമിനറും ഏറ്റുവാങ്ങുന്ന ചോദ്യപേപ്പറുകള്‍ ഉച്ചയ്ക്ക് ഒന്നര വരെ സ്‌കൂള്‍ ലോക്കറില്‍ സൂക്ഷിക്കും.
മറ്റ് ജീവനക്കാരെ ഏല്‍പ്പിക്കാതെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ചോദ്യപേപ്പര്‍ ഓരോ ക്ലാസ്സ് മുറിയിലും എത്തിച്ച് ഇന്‍വിജിലേറ്റര്‍ക്ക് നല്‍കും. വിദ്യാര്‍ഥികളുടെ സാക്ഷ്യപത്രത്തോടെ പൊട്ടിക്കുന്ന ചോദ്യപേപ്പര്‍ കെട്ട്  അന്നത്തെ  വിഷയത്തിന്റേതു തന്നെയാണെന്ന് ഉറപ്പു വരുത്തണമെന്ന്  ഇന്‍വിജിലേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 199 കേന്ദ്രങ്ങളിലായി 1827 ഇന്‍വിജിലേറ്റര്‍മാരെയാണ്  നിയോഗിച്ചിട്ടുള്ളത്. പരീക്ഷ സമയത്ത് കുടിക്കുന്നതിന് ലേബലില്ലാത്ത കുപ്പിയില്‍ വെള്ളം കൊണ്ടുവരാന്‍ അനുവദിക്കും.
രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത റൈറ്റിങ് പാഡുകള്‍ ഉപയോഗിച്ച് പരീക്ഷ എഴുതുന്നതിനും അനുവദിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.പി.ലതിക പറഞ്ഞു.  ഒരുവിധ മാനസിക സമ്മര്‍ദ്ദവുമില്ലാതെ ശാന്തമായ മനസോടെ പരീക്ഷയെഴുതാന്‍ കുട്ടികള്‍ക്ക് കഴിയട്ടെയെന്നും ഭാവിയില്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ തിളങ്ങുന്ന വ്യക്തിത്വങ്ങളാകാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെയെന്നും  ഉപഡയറക്ടര്‍ ആശംസിച്ചു.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡപ്യൂട്ടി കലക്ടര്‍ എസ് മുരളീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി പിവിബേബി, വിദ്യാഭ്യാസ, ട്രഷറി, തപാല്‍, വൈദ്യുതി വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it