ലേഖ എം നമ്പൂതിരിക്ക് സുമനസ്സുകളുടെ സഹായം

ആലപ്പുഴ: അവയവദാനത്തിലൂടെ മാതൃകയായ ലേഖ എം നമ്പൂതിരിക്ക് സ്വദേശത്തു നിന്നും വിദേശത്തു നിന്നും സഹായപ്രവാഹം. അമേരിക്ക ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും രോഗം ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും ലേഖയുടെ ഭര്‍ത്താവ് സാജന്‍ പറഞ്ഞു.
തലച്ചോറില്‍ നിന്ന് കാലിലേക്ക് വരുന്ന രക്തക്കുഴലുകള്‍ അടഞ്ഞു പോയതാണ് അസുഖം. ശ്രകണ്‌ഠേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ. രാജീവ് ആണ് ചികില്‍സ നടത്തിയത്. ഇദ്ദേഹം ഇപ്പോള്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ലേഖയ്ക്ക് ഓപറേഷന്‍ നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. രോഗത്തിന്റെ വിശദവിവരങ്ങള്‍ ഡോക്ടര്‍ എംആര്‍ഐ സ്‌കാന്‍ പരിശോധിച്ച ശേഷമെ വ്യക്തമാവുകയുള്ളൂ. ഇതിനായി വ്യാഴാഴ്ച കോഴിക്കോട്ടേക്ക് യാത്ര തിരിക്കുമെന്നും സാജന്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ ശസ്ത്രക്രിയക്ക് വേണ്ടിവരുന്ന മുഴുവന്‍ തുകയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം അവയവദാനത്തിലൂടെ മാതൃകയായ ചെട്ടികുളങ്ങര കണ്ണമംഗലം അശ്വതിയില്‍ ലേഖ എം നമ്പൂതിരി (34)യെ കാണാന്‍ നടന്‍ മമ്മൂട്ടിയെത്തുമെന്നു സൂചനയുള്ളതായി സാജന്‍ വ്യക്തമാക്കി. ഇഷ്ടതാരമായ മമ്മൂട്ടിയെ കാണാന്‍ താല്‍പര്യമുണ്ടെന്ന് ലേഖ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സാജന്‍ പറഞ്ഞു.
നട്ടെല്ലിനുണ്ടായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 15 ദിവസമായി കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ലേഖ. എന്നാല്‍, തുടര്‍ ചികില്‍സയ്ക്ക് പണമില്ലാത്തതിനാല്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
രണ്ടുവര്‍ഷം മുമ്പ് ലേഖയുടെ അവസ്ഥ മനസ്സിലാക്കി മാവേലിക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം ഹരിപ്പാട് എസ്ബിടി ബ്രാഞ്ചില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു. വീട് നിര്‍മിച്ചു നല്‍കാമെന്ന് ഭാരവാഹികള്‍ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ഫോറം 92000 രൂപ ലേഖയ്ക്ക് നല്‍കിയിരുന്നു. ക്ലോസ് ചെയ്‌തെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇപ്പോഴും ഈ അക്കൗണ്ടില്‍ സഹായം എത്തുന്നതായി അറിഞ്ഞു. നടക്കാന്‍ പോലും കഴിയാത്ത ലേഖ നേരിട്ട് ബ്രാഞ്ചില്‍ എത്തി അക്കൗണ്ട് ക്ലോസ് ചെയ്യണമെന്ന് മാനേജരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്. 2012 നവംബറിലാണ് ലേഖ പാലക്കാട് പട്ടാമ്പി സ്വദേശി ഷാഫിയെന്ന യുവാവിന് സൗജന്യമായി തന്റെ വൃക്ക സമ്മാനിച്ചത്. പ്ലസ്ടുവിന് പഠിക്കുന്ന മിധുല്‍(16), 10ാംക്ലാസ് വിദ്യാര്‍ഥിയായ മധു(15)എന്നിവരാണ് മക്കള്‍. ലേഖ നമ്പൂതിരിയുടെ പേരില്‍ എസ്ബിടി ചെട്ടികുളങ്ങര ബ്രാഞ്ചില്‍ (ഐഎഫ്എസ്‌സി കോഡ് എസ്ബിടി ആര്‍ 0000934) 67270420199 എന്ന നമ്പറില്‍ അക്കൗണ്ട് നിലവിലുണ്ട്.
Next Story

RELATED STORIES

Share it