Sports

ലെസ്റ്റര്‍ മുന്നോട്ട് തന്നെ; ചെല്‍സിക്ക് തോല്‍വി

ലണ്ടന്‍: ജയത്തോടെ ലെസ്റ്റര്‍ സിറ്റി ചരിത്ര കിരീടം ഏറ്റുവാങ്ങി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ 37ാം റൗണ്ട് മല്‍സരത്തില്‍ എവര്‍ട്ടനെ 1-3ന് തകര്‍ത്താണ് ലെസ്റ്റര്‍ കന്നി കിരീടം നേട്ടം ആഘോഷമാക്കിയത്. മല്‍സരശേഷം ഫുട്‌ബോള്‍ ലോകത്തെ സാക്ഷിയാക്കി ക്ലൗഡിയോ റെനിയേരി പരിശീലിപ്പിക്കുന്ന ലെസ്റ്റര്‍ ലീഗ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ കിരീടം ഏറ്റുവാങ്ങുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ സീസണിലെ ജേതാക്കളായ ചെല്‍സിക്ക് അപ്രതീക്ഷിത പരാജയം നേരിട്ടു. ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട സണ്ടര്‍ലാന്റാണ് 3-2ന് ചെല്‍സിയെ വീഴ്ത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ 17ാം സ്ഥാനത്തേക്ക് കയറാനും സണ്ടര്‍ലാന്റിന് സാധിച്ചു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് 2-1ന് സ്റ്റോക്ക് സിറ്റിയെയും സ്വാന്‍സി 4-1ന് വെസ്റ്റ്ഹാമിനെയും തോല്‍പ്പിച്ചപ്പോള്‍ ബേണ്‍മൗത്ത്-വെസ്റ്റ് ബ്രോം (1-1), ആസ്റ്റന്‍വില്ല-ന്യൂകാസില്‍ (0-0) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.സ്വന്തം തട്ടകമായ കിങ് പവര്‍ സ്റ്റേഡിയത്തില്‍ മികച്ച പ്രകടനം നടത്തിയാണ് എവര്‍ട്ടനെതിരേ ലെസ്റ്റര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ജാമി വാര്‍ഡിയുടെ ഇരട്ട ഗോളുകളാണ് ലെസ്റ്ററിന് മികച്ച ജയം നേടിക്കൊടുത്തത്. മല്‍സരത്തില്‍ പെനാല്‍റ്റി കിക്കിലൂടെ ഹാട്രിക്ക് നേടാനുള്ള അവസരം വാര്‍ഡി പാഴാക്കി. കളിയിലെ അഞ്ച്, 65 മിനിറ്റുകളിലായിരുന്നു വാര്‍ഡി ലക്ഷ്യംകണ്ടത്. ആന്‍ഡി കിങാണ് ലെസ്റ്ററിന്റെ മറ്റൊരു സ്‌കോറര്‍. 88ാം മിനിറ്റില്‍ കെവിന്‍ മിറാലസിന്റെ വകയായിരുന്നു എവര്‍ട്ടന്റെ ആശ്വാസ ഗോള്‍. ജയത്തോടെ 37 മല്‍സരങ്ങളില്‍ നിന്ന് ലെസ്റ്ററിന്റെ പോയിന്റ് സമ്പാദ്യം 80 ആയി ഉയര്‍ന്നു. അതേസമയം, എവേ മല്‍സരത്തില്‍ ഒരു ഗോളിന് മുന്നില്‍ നിന്നതിനു ശേഷമായിരുന്നു സണ്ടര്‍ലാന്റിനെതിരേ ചെല്‍സിയുടെ തോല്‍വി. വാഹ്ബി ഖാസ്‌റി, ഫാബിയോ ബൊറീനി, ജെര്‍മെയ്ന്‍ ഡെഫോ എന്നിവരാണ് സണ്ടര്‍ലാന്റിനു വേണ്ടി ലക്ഷ്യംകണ്ടത്. ഡിയേഗോ കോസ്റ്റ, നെമഞ്ജ മാറ്റിച്ച് എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ക്യാപ്റ്റന്‍ ജോണ്‍ ടെറി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് തോല്‍വിക്കൊപ്പം ചെല്‍സിക്ക് മറ്റൊരു ആഘാതമായി.
Next Story

RELATED STORIES

Share it