ലെനിനും പെരിയാറിനും ശേഷം അംബേദ്കറും

ലഖ്‌േനാ: ലെനിന്‍ പ്രതിമകളും പെരിയാറിന്റെ പ്രതിമയും തകര്‍ത്തതിന് പിന്നാലെ യുപിയിലെ മീറത്തില്‍ ബി ആര്‍ അംബേദ്കറുടെ പ്രതിമയും തകര്‍ക്കപ്പെട്ടു. ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ സമീപവാസികളായ ദലിത് സമുദായക്കാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭവും റോഡ് ഉപരോധവും ആരംഭിച്ചു. ഇതോടെ അധികൃതര്‍ പുതിയ പ്രതിമ നിര്‍മിക്കാമെന്ന് ഉറപ്പുനല്‍കുകയും പരിസരപ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു. രണ്ടു ദിവസം മുമ്പ് യുപിയിലെ അലിഗഡില്‍ അംബേദ്കര്‍ പ്രതിമയുടെ വിരലുകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു.
ഇതേത്തുടര്‍ന്നും പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ മീറത്തില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പോലിസ് കാര്യക്ഷമമായ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഒരു സംഘം തടിച്ചുകൂടിയത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്ന് പോലിസ് അറിയിച്ചു. പ്രതിമ പുനസ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന പ്രതിമകളുടെ നശീകരണ പ്രവര്‍ത്തനങ്ങളെ  പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്നും മോദി മുന്നറിയിപ്പ് നല്‍കി. അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായി സംസാരിച്ചതായും ഇത്തരം സംഭവങ്ങളിലുള്ള അതൃപ്തി പ്രകടിപ്പിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രതിമ നശീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താനും ശക്തമായ നടപടി സ്വീകരിക്കാനും സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നി ര്‍ദേശം നല്‍കി. അതേസമയം ഇത്തരം പ്രവര്‍ത്തനങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണെന്നും പാര്‍ട്ടി അംഗങ്ങള്‍ കുറ്റവാളികളെന്നു കണ്ടാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചു.
Next Story

RELATED STORIES

Share it