Flash News

ലൂയിസ് ഫിഗോ; പറങ്കിപ്പടയുടെ കപ്പിത്താന്‍

ലൂയിസ് ഫിഗോ; പറങ്കിപ്പടയുടെ കപ്പിത്താന്‍
X


കാല്‍പന്ത് ലോകത്ത് പറങ്കിപ്പട ഓരോ രാജ്യത്തെയും തങ്ങളുടെ കാല്‍ക്കല്‍ അടിയറവ് പറയിക്കുമ്പോള്‍ ടീമിന്റെ കപ്പിത്താനായി പോര്‍ചുഗല്‍ ഡിഫന്‍ഡര്‍ ലൂയിസ് ഫിഗോയുമുണ്ടായിരുന്നു. ഫിഗോയുടെ നേതൃത്വത്തിലാണ് പോര്‍ച്ചുഗല്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം 2006ലെ ലോകകപ്പിന്റെ സെമിയിലേക്ക് കുതിച്ചത്. 1966ല്‍ മൂന്നാം സ്ഥാനത്തെത്തിയ ശേഷം ലോകകപ്പില്‍ പറങ്കികളുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ പ്രകടനം. പോര്‍ചുഗലിന്റെ ഇപ്പോഴുള്ള പ്രകടനത്തിന്റെ വഴികാട്ടിയായി രാജ്യം ചൂണ്ടിക്കാട്ടുന്നത് ഈ ഫുട്‌ബോള്‍ അതികായന് നേര്‍ക്കാണ്.
അല്‍മേഡയിലെ കോവാ ഡാ പിഡേഡ തെരുവുകളില്‍ നിന്ന് ഫുട്‌ബോള്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ട ഫിഗോയാണ് പിന്നീട് പോര്‍ചുഗലിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. കരിയറിലെ ആദ്യ കാലത്തൊക്കെ കൂടുതല്‍ വേഗതയാര്‍ന്ന നീക്കങ്ങള്‍ തനിക്കുണ്ടെന്ന് തിരിച്ചറിഞ്ഞ ഫിഗോ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിങ് വിങറായിട്ടാണ് ടീമില്‍ അവതരിച്ചത്. ഇതിലൂടെ പാര്‍ശ്വഭാഗങ്ങളില്‍ നിന്ന് മുന്നേറ്റക്കാര്‍ക്ക് അസിസ്റ്റ് നല്‍കാന്‍ നിയോഗിക്കപ്പെട്ട താരമായി ഫിഗോ മാറി.ഇതുവഴി ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ താരത്തിന്റെ കാല്‍ക്കലില്‍ നിന്നും പിറക്കാനും തുടങ്ങി. മികച്ച ഡ്രിബ്ലിങിന്റെ പുരോഹിതനായ ഫിഗോ പന്ത് കണക്ട് ചെയ്യുന്നതിലും മിടുക്കു കാട്ടി.
2002ല്‍ പോര്‍ച്ചുഗലിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിലും റയല്‍ മാഡ്രിഡും ബാഴ്‌സലോണ താരവുമായ ഇദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. യോഗ്യതാ മല്‍സരത്തില്‍ ഒമ്പത് കളികളില്‍ നിന്ന് ആറ് ഗോളുകളാണ് ഫിഗോ അന്ന് സ്വന്തമാക്കിയത്. 1986ന് ശേഷം പോര്‍ചുഗലിന്റെ ആദ്യ ലോകകപ്പ് പ്രവേശനവുമാണിത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ താരത്തിന് എതിര്‍ടീമിന്റെ വല ഒരിക്കല്‍ പോലും ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്താവുകയായിരുന്നു.
2004ലെ യൂറോ കപ്പ് ഫൈനലില്‍ ഗ്രീസിനോട് പരാജയം നേരിട്ട പോര്‍ചുഗലിന്റെ നായകനായിരുന്ന ഫിഗോ, പരാജയത്തെ തുടര്‍ന്ന് അന്നത്തെ കോച്ച് ഫിലിപ് സ്‌കൊളാരിയുമായി ഉടക്കി. ഇതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും താരം വിരമിച്ചെങ്കിലും പോര്‍ചുഗല്‍ ഫുട്‌ബോള്‍ അധികൃതരുടെ ആവിശ്യം മൂലം താരം 2006ല്‍ വീണ്ടും ഫുട്‌ബോള്‍ ലോകത്തേക്ക് മടങ്ങി വരികയായിരുന്നു. ഈ മടങ്ങിവരവിലൂടെയാണ് താരം പോര്‍ചുഗലിനെ ആ ലോകകപ്പില്‍ നാലാം സ്ഥാനത്തേക്കുയര്‍ത്തിയത്. അന്ന് ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക് കടന്ന പോര്‍ചുഗല്‍ ഹോളണ്ടിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ പെനല്‍റ്റിയില്‍ പരാജയപ്പെടുത്തി സെമിയില്‍ മുന്നേറി.
സെമിയില്‍ സിദാന്റെ ഫ്രഞ്ചു പട കാത്തിരിക്കുകയായിരുന്നു. ഫ്രാന്‍സിനെതിരേ പോരാടിയ പോര്‍ചുഗല്‍ സിദാന്റെ ഏകഗോള്‍ മികവില്‍ തരിപ്പണമാവുകയും ചെയ്തു. ഇതോടെ തിരിച്ചുവരവിലൂടെ പോര്‍ച്ചുഗലിന് നാലാം സ്ഥാനം സമ്മാനിച്ച് മടങ്ങിയ ഫിഗോയുടെ മേലില്‍ ഫുട്‌ബോളില്‍ പറങ്കികളുടെ കപ്പിത്താന്‍ എന്ന പേരും പതിച്ചു. പോര്‍ച്ചുഗലിന് വേണ്ടി 127 മല്‍സരങ്ങളില്‍ ബൂട്ട് കെട്ടിയ ഫിഗോ 32 ഗോളുകളാണ് സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it