World

ലുല ഡിസില്‍വയ്ക്ക് ബ്രസീലില്‍ മല്‍സരവിലക്ക്‌

സാവോപോളോ: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുല ഡിസില്‍വയ്ക്ക് ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. അഴിമതിക്കേസില്‍ 12 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഡിസില്‍വ ജയിലിലാണ്.ബ്രസീല്‍ ഇലക്ടറല്‍ കോടതി ലുലയെ മല്‍സരരംഗത്തു നിന്ന് വിലക്കുകയായിരുന്നു. വാദ, പ്രതിവാദങ്ങള്‍ക്കിടയില്‍ അഞ്ചു ജഡ്ജിമാര്‍ ലുലയ്‌ക്കെതിരേ വോട്ട് ചെയ്തപ്പോള്‍ ഒരാള്‍ മാത്രമാണ് അനുകൂലിച്ച് വോട്ട് ചെയ്തത്. ഇലക്ടറല്‍ കോടതിയില്‍ ഒരു ജഡ്ജി കൂടെ വോട്ട് ചെയ്യാനുണ്ട്. ഇതോടെ ലുല അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുണ്ടാവില്ല. ബ്രസീലിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോബ്രാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒഎഎസ് എന്ന സ്വകാര്യ കമ്പനിക്ക് നിര്‍മാണക്കരാര്‍ നല്‍കിയതിനു കൈക്കൂലി വാങ്ങിയെന്നാണു ലുലയ്‌ക്കെതിരായ കേസ്. 2017ല്‍ ലുലയെ കീഴ്‌ക്കോടതി ഒമ്പതര വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. എന്നാല്‍ കീഴ്‌ക്കോടതി വിധി 12 വര്‍ഷമായി വര്‍ധിപ്പിച്ച് അപ്പീല്‍ കോടതി ശരിവച്ചതോടെയാണു ലുല ജയിലിലായത്. അറസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടു ലുല ഹരജി നല്‍കിയെങ്കിലും സുപ്രിംകോടതി തള്ളി. താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണു ലുല പറയുന്നത്. തുടര്‍ന്ന് ഈ വര്‍ഷം ഏപ്രില്‍ ഒമ്പതിനാണു ഇദ്ദേഹം പോലിസില്‍ കീഴടങ്ങിയത്.
Next Story

RELATED STORIES

Share it