Middlepiece

ലീഡറോടുള്ള സ്‌നേഹം മകനോട് കാണിക്കൂ

ലീഡറോടുള്ള സ്‌നേഹം മകനോട് കാണിക്കൂ
X
slug-madhyamargamനേതാക്കള്‍ വിട്ടുപിരിഞ്ഞാലും രാഷ്ട്രീയപ്പാര്‍ട്ടി നിലനില്‍ക്കുന്ന കാലത്തോളം ഓര്‍മിക്കപ്പെടും. പാര്‍ട്ടിയില്‍ അണികള്‍ ഇല്ലാതാവുമ്പോള്‍ മാത്രമാണ് അവരൊക്കെ വിസ്മരിക്കപ്പെടുന്നത്. നേതാക്കള്‍ അണികളിലൂടെ ജീവിക്കാന്‍ വേണ്ടി മന്ദിരങ്ങളും സ്മാരകങ്ങളും പ്രതിമകളും നിര്‍മിക്കാറുണ്ട്. ചരമവാര്‍ഷികദിനത്തിന് അനുസ്മരണച്ചടങ്ങ് ഒഴിച്ചുകൂടാനാവാത്തതാണ്.
കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് നേതാക്കള്‍ കൂടിയാണെങ്കില്‍ ഗ്രൂപ്പ് നിശ്ചയമായും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കും. നേതാക്കളുടെ അനുസ്മരണ ചടങ്ങുകള്‍ അതത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആശയപ്രചാരണത്തിനുള്ള വേദികളായിരിക്കും. മരണശേഷം തെറ്റുകുറ്റങ്ങള്‍ ആരും പറയാറില്ല. ചടങ്ങുകളില്‍ ക്ഷണിതാക്കളായി പങ്കെടുക്കാറുള്ള എതിര്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും നേതാവിന്റെ നേട്ടങ്ങള്‍ മാത്രമേ എണ്ണിപ്പറയാറുള്ളൂ. നേതാവിനോട് ചെയ്തുപോയ കുറ്റങ്ങള്‍ക്ക് മാപ്പിരക്കുന്ന സമ്പ്രദായവും നടക്കാറില്ല. ചരമവാര്‍ഷികങ്ങള്‍ ഗ്രൂപ്പുകളികള്‍ക്കു വേണ്ടി ആരും ഉപയോഗിക്കാറുമില്ല. കോണ്‍ഗ്രസ്സുകാരുടെ ബഹുമാന്യനായ ലീഡറായിരുന്ന കെ കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികം ഇതില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു. കരുണാകരന്‍ ജീവിച്ചിരിക്കുമ്പോള്‍ ഗ്രൂപ്പിന്റെ നേതാവും പല നേതാക്കള്‍ക്കും കണ്ണിലെ കരടുമായിരുന്നു. എന്നാല്‍, മരണശേഷം അദ്ദേഹം കോണ്‍ഗ്രസ്സുകാരുടെ പ്രിയങ്കരനായ നേതാവായി അറിയപ്പെട്ടു. അതാണു ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസം!
കഴിഞ്ഞ നാലു ചരമവാര്‍ഷികങ്ങളിലും രാഷ്ട്രീയവിവാദങ്ങളോ ഗ്രൂപ്പ് വഴക്കുകളോ ഉണ്ടായിരുന്നില്ല. മിക്ക നേതാക്കളും ലീഡറോടുള്ള സ്‌നേഹ ബഹുമാനത്തിന്റെ പുറത്ത് കണ്ണു തുടയ്ക്കുന്നത് മാത്രമാണ് വേറിട്ട കാഴ്ചകളായി പറയാനുള്ളത്. ലീഡറെ പാര്‍ട്ടി നേതാക്കളായ കെ മുരളീധരന്‍ എംഎല്‍എ (മകന്‍), കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ പത്മജ (മകള്‍) എന്നിവര്‍ നാലുവര്‍ഷവും ഓര്‍മിച്ചിരുന്നു. അച്ഛനെപ്പറ്റി പറയാതെ മക്കള്‍ ഒരു പ്രസംഗവും ഇക്കാലത്തിനിടയില്‍ നടത്തിയിട്ടില്ല. മക്കള്‍ക്കു പിന്നെ അച്ഛനെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ലല്ലോ. മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണെങ്കില്‍ ലീഡറെ ഓര്‍മിക്കാന്‍ ചരമവാര്‍ഷികദിനം തന്നെ വന്നുചേരണം. ഇക്കുറി സ്ഥിതിയാകെ മാറി. അഞ്ചാം ചരമവാര്‍ഷികദിനത്തിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മുഖപ്രസംഗം തന്നെ എഴുതി ലീഡറോടുള്ള ആദരവ് പ്രകടിപ്പിച്ചു. കഴിഞ്ഞ നാലു വര്‍ഷവും പാര്‍ട്ടിപത്രത്തില്‍ അനുസ്മരണലേഖനം മാത്രമാണ് ഉണ്ടായിരുന്നത്.
രമേശ് ചെന്നിത്തല അമേരിക്കയില്‍ വച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി ഭരണം എന്നത് വലിയ കലയാക്കി മാറ്റിയ ലീഡറായിരുന്നു കരുണാകരനെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ അനുസ്മരണം.
ഒരുകാലത്ത് ലീഡര്‍ സ്വന്തം മകനെപ്പോലെ കൂടെ കൊണ്ടുനടന്ന ചെറിയാന്‍ ഫിലിപ്പ് ഒരുപടികൂടി കടന്നു. മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് ലീഡറെ അട്ടിമറിച്ച ഹീനപ്രവൃത്തിയില്‍ പങ്കാളിയാവേണ്ടിവന്നതില്‍ മാപ്പ് അപേക്ഷിക്കുകയാണ് ചെറിയാന്‍ ഫിലിപ്പ്.
ജീവിച്ചിരിക്കുമ്പോള്‍ ലീഡറെ വേദനിപ്പിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും പിന്നില്‍നിന്നു കുത്തുകയും ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലീഡറെ ഇപ്പോള്‍ ആവശ്യമുണ്ട്. ഗ്രൂപ്പ് സജീവമാക്കാന്‍, പടയൊരുക്കാന്‍, നേതൃമാറ്റം ആവശ്യപ്പെടാന്‍, മുഖ്യമന്ത്രിയാവാന്‍ ലീഡറുടെ ഓര്‍മ അനിവാര്യമായിരിക്കുന്നു. എല്ലാ മലയാളമാസവും ഒന്നാം തിയ്യതി ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴുതുനില്‍ക്കുന്ന കരുണാകരനാണ് ഗ്രൂപ്പുകള്‍ക്ക് ഇപ്പോള്‍ ആവശ്യം. ഭൂരിപക്ഷ സമുദായത്തെ കൂടെ നിര്‍ത്താന്‍ കരുണാകരനു സാധിച്ചു. അതുപോലെ ഭൂരിപക്ഷ സമുദായത്തില്‍നിന്ന് ഒരു ലീഡര്‍ നയിക്കണമെന്ന സന്ദേശം അണികള്‍ക്കു നല്‍കാനാണ് ഒരു ഗ്രൂപ്പിന്റെ ശ്രമം. അച്ഛനെപ്പോലെ എല്ലാ മലയാളമാസം ഒന്നാം തിയ്യതിയും ഗുരുവായൂരില്‍ പോവുന്ന മകനും മുന്‍ കെപിസിസി പ്രസിഡന്റും മന്ത്രിയും എംപിയുമായിരുന്ന കെ മുരളീധരന്‍ അല്ലേ ഇതിന് യോഗ്യന്‍ എന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റിലും കണ്ടില്ല. അദ്ദേഹം സ്വന്തം പോസ്റ്റ് ഇട്ടതുമില്ല. കരുണാകരനോട് സ്‌നേഹബഹുമാനമുണ്ടെങ്കില്‍ അതാണു ചെയ്യേണ്ടത്. ലീഡര്‍ക്ക് മകനെ അത്രയ്ക്ക് വാല്‍സല്യമായിരുന്നു. മകനു വേണ്ടിയാണ് ആ പിതാവ് വേണ്ടാത്ത പഴികള്‍ കേള്‍ക്കേണ്ടിവന്നത്. മകനാണെങ്കില്‍ പദവികള്‍ക്ക് വല്ലാത്ത കൊതിയാണെന്ന് അച്ഛനും അറിയാമായിരുന്നു.
അച്ഛനേക്കാള്‍ കഴിവും യോഗ്യതയും മകനുള്ളതായി ഏവര്‍ക്കും അറിവുള്ളതാണ്. കെപിസിസി പ്രസിഡന്റ്, ഡിഐസി പ്രസിഡന്റ്, എന്‍സിപി പ്രസിഡന്റ്- മൂന്നു പാര്‍ട്ടികളുടെ സംസ്ഥാന പ്രസിഡന്റിനേക്കാള്‍ എന്ത് യോഗ്യതയാണ് മുഖ്യമന്ത്രി പദവിക്ക് വേണ്ടത്? കരുണാകരസ്മരണയില്‍ കോണ്‍ഗ്രസ്സുകാര്‍ ആലോചിക്കേണ്ട വിഷയമാണിത്. ലീഡറോട് സ്‌നേഹമുണ്ടെങ്കില്‍ മകനോട് കാണിക്കൂ. $
Next Story

RELATED STORIES

Share it