Flash News

ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുമ്പേ മുസ്‌ലിം ലീഗിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയായി. കഴിഞ്ഞ തവണ വിജയിച്ച 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്. നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. നാല് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റില്ല. അഞ്ചുമന്ത്രിമാര്‍ അതത് മണ്ഡലങ്ങളില്‍ മല്‍സരിക്കും.
സ്ഥാനാര്‍ഥികളും മണ്ഡലങ്ങളും: പി ഉബൈദുല്ല (മലപ്പുറം), പി കെ കുഞ്ഞാലിക്കുട്ടി (വേങ്ങര), ടി വി ഇബ്രാഹീം (കൊണ്ടോട്ടി), പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ (വള്ളിക്കുന്ന്), ടി എ അഹ്മദ് കബീര്‍ (മങ്കട), അബ്ദുറഹ്മാന്‍ രണ്ടത്താണി (താനൂര്‍), സി മമ്മൂട്ടി (തിരൂര്‍), പി കെ ബഷീര്‍ (ഏറനാട്), പി കെ അബ്ദുറബ് (തിരൂരങ്ങാടി), കെ കെ ആബിദ് ഹുസയ്ന്‍ തങ്ങള്‍ (കോട്ടക്കല്‍), മഞ്ഞളാംകുഴി അലി (പെരിന്തല്‍മണ്ണ), അഡ്വ. എം ഉമര്‍ (മഞ്ചേരി), എം എ റസാഖ് മാസ്റ്റര്‍ (കൊടുവള്ളി), വി എം ഉമര്‍മാസ്റ്റര്‍ (തിരുവമ്പാടി), കെ എം ഷാജി (അഴീക്കോട്), ഡോ. എം കെ മുനീര്‍ (കോഴിക്കോട് സൗത്ത്), പി ബി അബ്ദുറസാഖ് (മഞ്ചേശ്വരം), എന്‍ എ നെല്ലിക്കുന്ന് (കാസര്‍കോട്), അഡ്വ. എന്‍ ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്), വി കെ ഇബ്രാഹീംകുഞ്ഞ് (കളമശ്ശേരി).
അഡ്വ. കെ എന്‍ എ ഖാദര്‍ (വള്ളിക്കുന്ന്), എം പി അബ്ദുസ്സമദ് സമദാനി (കോട്ടക്കല്‍), കെ മുഹമ്മദുണ്ണിഹാജി (കൊണ്ടോട്ടി), സി മോയിന്‍കുട്ടി (തിരുവമ്പാടി) എന്നീ സിറ്റിങ് എംഎല്‍എമാരാണു പുറത്തായത്. ടി വി ഇബ്രാഹീം, പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍, കെ കെ ആബിദ് ഹുസയ്ന്‍ തങ്ങള്‍, എം എ റസാഖ് മാസ്റ്റര്‍ എന്നിവരാണ് പുതുമുഖങ്ങള്‍.
കുന്ദമംഗലം, കുറ്റിയാടി, ഗുരുവായൂര്‍, ഇരവിപുരം സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണു പ്രഖ്യാപിക്കാനുള്ളത്. ഇതില്‍ ഇരവിപുരം ആര്‍എസ്പിയിലെ സിറ്റിങ് എംഎല്‍എ എ എ അസീസിന് വിട്ടുകൊടുക്കേണ്ടിവരുമെന്നതിനാല്‍ പകരം ചടയമംഗലമോ കൊല്ലം ജില്ലയിലെ മറ്റേതെങ്കിലും സീറ്റോ സ്വീകരിച്ചേക്കും.
കുറ്റിയാടി, കുന്ദമംഗലം സീറ്റുകളും വച്ചുമാറുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനാലാണ് ശേഷിക്കുന്ന സ്ഥാനാര്‍ഥിനിര്‍ണയം മാറ്റിവച്ചത്. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദും കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസാഖും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചതോടെ പുറത്തായ കെ എന്‍ എ ഖാദറിനെ മലപ്പുറത്തും സി മോയിന്‍കുട്ടിയെ കോഴിക്കോട്ടും ജില്ലാ ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചു.
പാണക്കാട്ട് നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി, ഇ അഹമ്മദ് എംപി, കെ പി എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി വി അബ്ദുല്‍ വഹാബ് എംപി പങ്കെടുത്തു.
Next Story

RELATED STORIES

Share it