thrissur local

ലീഗ് പ്രകടനത്തിന് നേതൃത്വം നല്‍കിയത് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത സ്ഥാനാര്‍ഥി

ചാവക്കാട്: ലീഗ് പ്രകടനത്തിന് നേതൃത്വം നല്‍കാന്‍ ലീഗില്‍ നിന്ന് സസ്‌പെന്റ് ചെയ്തയാളും. പി എം മുജീബ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ലീഗ് നടത്തിയ പ്രകടനത്തിലാണ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിച്ചതിനെ തുടര്‍ന്ന് ലീഗില്‍ നിന്നും സസ്‌പെന്റ് ചെയ്ത പി എ അഷ്‌ക്കറലി മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. തിരഞ്ഞെടുപ്പില്‍ അഷ്‌ക്കറലി വിജയിച്ചിരുന്നു.
ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന ഉറപ്പിലാണ് പി എ അഷ്‌ക്കറലി സിപിഎമ്മില്‍ നിന്നും രാജിവച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നത്. എന്നാല്‍, ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് മല്‍സരിക്കുമെന്നറിഞ്ഞതോടെ അഷ്‌ക്കറലി ലീഗ് നേതൃത്വത്വത്തിന്റെ മൗന സമ്മതത്തോടെ സ്ഥാനാര്‍ഥിയായി രംഗത്തെത്തെത്തുകയായിരുന്നു. ഇതോടെ പ്രതിഷേധം ശക്തമാകുകയും ഇതേ തുടര്‍ന്ന് അഷ്‌ക്കറലിയെ ലീഗില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി പാര്‍ട്ടി മുഖപത്രത്തില്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. എന്നാല്‍ വിജയിച്ചാല്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്ന ധാരണയിലായിരുന്നു നടപടിയെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു.
യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഒമ്പതാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചിരുന്നെങ്കിലും 397 വോട്ടിന്റെ ഭൂരിപക്ഷത്തിന് 2010ല്‍ യുഡിഎഫ് വിജയിച്ച വാര്‍ഡില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് അഷ്‌ക്കറലി വിജയിച്ചത്.
ലീഗ് നേതൃത്വത്തിന്റെ ഒത്തുകളിയാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച കോണ്‍ഗ്രസിലെ ആര്‍ വി സുബൈര്‍ പരാജയപ്പെടാനുണ്ടായ കാരണമെന്ന ആരോപണവും ശക്തമായിരുന്നു.
Next Story

RELATED STORIES

Share it