ernakulam local

ലീഗ് തിരഞ്ഞെടുപ്പ്; ജില്ലയില്‍ പടക്കൊരുങ്ങി ഗ്രൂപ്പുകള്‍

അബ്ദുല്‍ ഖാദര്‍ പേരയില്‍

ആലുവ: മുസ്്‌ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജില്ലയില്‍ പടക്കൊരുങ്ങുകയാണ് ഗ്രൂപ്പുകള്‍.സംസ്ഥാന ഭാരവാഹിത്വം ഉറപ്പാക്കിയിരുന്നവരും ഇതിനായി ജില്ലാ ഭാരവാഹിത്വമടക്കമുള്ള സ്ഥാനമാനങ്ങള്‍ ഒഴിവാക്കിയവരുമാണ് ലീഗില്‍ ഗ്രൂപ്പ് തിരിഞ്ഞ് പോരിനൊരുങ്ങുന്നത്.ജില്ലയിലെ ഇബ്രാഹിംകുഞ്ഞ് ഗ്രൂപ്പിന്റെ മുന്‍പന്തിയിലുള്ള എം പി അബ്ദുല്‍ഖാദറിനെ സംസ്ഥാന ഭാരവാഹിത്വം ഉറപ്പ് നല്‍കിയാണ് ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിവാക്കിയത്. ഈ സ്ഥാനം ജില്ലാ സെക്രട്ടറിയുടെ രൂപത്തില്‍ സ്വന്തം മകന് തന്നെ മുന്‍മന്ത്രി ഉറപ്പാക്കി നല്‍കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന ഭാരവാഹിത്വം ഉറപ്പിച്ചിരുന്ന ആളെ സംസ്ഥാന കൗണ്‍സിലിലേക്ക് പോലും പരിഗണിക്കാതിരുന്നത് സ്വന്തം ഗ്രൂപ്പിനുള്ളില്‍ തന്നെ തര്‍ക്കത്തിന് കാരണമായിട്ടുണ്ട്. കൂടാതെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്ന ഇബ്രാഹിംകുഞ്ഞും തഴയപ്പെട്ടത് ഈ ഗ്രൂപ്പിനും തിരിച്ചടിയായി.ലീഗില്‍ കടുത്ത ഗ്രൂപ്പ് പോരുള്ള എറണാകുളത്തിന് അര്‍ഹമായ പരിഗണന ഉറപ്പാക്കുവാന്‍ ഇരുഗ്രൂപ്പിനും സാധിക്കാതിരുന്നതും അണികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. 63 അംഗ സെക്രട്ടറിയേറ്റില്‍ ജില്ലയില്‍ നിന്നും ഒരാളെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഐഎന്‍എല്ലില്‍ നിന്നും ലീഗിലെത്തിയ സുലൈമാന്‍ ഖാലിദ് മാത്രമാണ് ഏക അംഗം. എംഎല്‍എമാരായ ഇരുഗ്രൂപ്പ് നേതാക്കളും സെക്രട്ടറിയേറ്റിലുണ്ട്.നേരത്തെ സ്ഥാനമാനങ്ങള്‍ തീരുമാനിക്കുന്നതില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്ന ജില്ലയില്‍ നിന്നുള്ള ചില നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ സ്വാധീനം നഷ്ടപെട്ടതായിട്ടാണ് പുതിയ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it