kannur local

ലീഗ് ഓഫിസിലെ സ്‌ഫോടനം: ബോംബ്, ഡോഗ് സ്‌ക്വാഡ് പരിശോധിച്ചു

ഇരിട്ടി: ഇരിട്ടി ടൗണിലെ മുസ്്‌ലിം ലീഗ് ഓഫിസ് കെട്ടിടമായ സിഎച്ച് സൗധത്തില്‍ ഉഗ്രസ്‌ഫോടനമുണ്ടാവുകയും തുടര്‍പരിശോധനയില്‍ ബോംബുകളും ആയുധങ്ങളും കണ്ടെത്തുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് ഓഫിസ് കെട്ടിടത്തിലും സമീപ പ്രദേശങ്ങളിലും ബോംബ്, ഡോഗ് സ്‌ക്വാഡ് പരിശോധിച്ചു. പ്രദേശത്ത് ആയുധങ്ങളും ബോംബുകളും സൂക്ഷിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്‌ഫോടനം നടന്ന കെട്ടിടത്തിന് സമീപവും കാട് മൂടിക്കിടന്ന പുഴക്കരയും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇരിട്ടി സിഐ രാജീവന്‍ വലിയവളപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ബോംബ് സ്‌ക്വാഡ് എഎസ്‌ഐ ജിയാസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ശിവദാസ്, ധനേഷ്, ഡോഗ് സ്‌ക്വാഡ് എഎസ്‌ഐ രജീഷ്, എഎസ്‌ഐ പ്രഭാകരന്‍ നേതൃത്വം നല്‍കി. അതേസമയം, കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേകസംഘം അന്വേഷണം ഊര്‍ജിതമാക്കി. ലീഗ് ഓഫിസ് ഭാരവാഹികളായ ചിലരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1.30ഓടെയാണ്‌നഗരത്തെ നടുക്കിയ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഓഫിസിന്റെ മുകള്‍ നിലയിലെ കോണ്‍ഫറന്‍സ് ഹാളിന്റെ ഒരുഭാഗം തകരുകയും ജനല്‍ചില്ലുകള്‍ പൂര്‍ണമായും തകരുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ബോംബുകളും ആയുധങ്ങളും പിടികൂടിയത്. നേരത്തെ ഫോറിന്‍സിക് വിഭാഗവും ബോംബ് സ്‌ക്വാഡും ഇവിടെ പരിശോധന നടത്തിയിരുന്നു.

Next Story

RELATED STORIES

Share it