ernakulam local

ലീഗിലെ തമ്മിലടി; മണ്ഡലം സെക്രട്ടറിയുള്‍പ്പെടെ 32 ഓളം പേര്‍ക്കെതിരേ കേസ്

മട്ടാഞ്ചേരി: വിഭാഗീയതയെ തുടര്‍ന്ന് കൊച്ചങ്ങാടിയിലെ മുസ്‌ലിം ലീഗ് ഓഫിസില്‍ ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് മണ്ഡലം സെക്രട്ടറി അക്ബര്‍ ബാദുഷ ഉള്‍പ്പെടെ 32 ഓളം പേര്‍ക്കെതിരേ മട്ടാഞ്ചേരി പോലിസ് കേസെടുത്തു.
ഡിവിഷന്‍ സെക്രട്ടറി ടി കെ സിദ്ധീഖിന്റെ പരാതി പ്രകാരമാണ് മണ്ഡലം സെക്രട്ടറിയുള്‍പ്പെടെ 22 പേര്‍ക്കും അനസ് കളരിക്കലിന്റെ പരാതിയെ തുടര്‍ന്ന് പത്ത് പേര്‍ക്കെതിരേയും കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 13ാം ഡിവിഷന്‍ കമ്മിറ്റിയിലെ പ്രസിഡന്റുമാരെ ചൊല്ലി ഓഫിസില്‍ സംഘര്‍ഷമുണ്ടായത്.
അതേസമയം പക്ഷപാതപരമായി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി മുഖപത്രമായ ചന്ദ്രിക ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തു. ഇരുവിഭാഗം വിളിച്ച് ചേര്‍ത്ത യോഗം സംഘര്‍ഷത്തെ തുടര്‍ന്ന് നടക്കാതെ പോയിട്ടും പാര്‍ട്ടി പത്രത്തില്‍ ഒരു വിഭാഗം യോഗം കൂടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായി വന്ന വാര്‍ത്തയാണ് പ്രകോപനത്തിന് കാരണം.
സംഘര്‍ഷത്തെ തുടര്‍ന്ന് പൂട്ടിയ ലോക്ക് മറുവിഭാഗം അടിച്ച് തകര്‍ത്ത് പുതിയ ലോക്കിട്ടു. എന്നാല്‍ മറ്റേ വിഭാഗം ഈ ലോക്ക് തകര്‍ത്ത് പുതിയതിട്ടു. നിലവില്‍ ഇരു കൂട്ടരുടെയും ലോക്കിട്ടാണ് ലീഗ് ഓഫിസ് പൂട്ടിയിട്ടിരിക്കുന്നത്.
ഒരു ഡിവിഷനില്‍ രണ്ട് പ്രസിഡന്റുമാരെ തിരഞ്ഞിടുത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. മരിച്ചതും രോഗശയ്യയില്‍ കിടക്കുന്നവരെയും ഒഴിവാക്കിയുള്ള 28 അംഗ കമ്മിറ്റിയില്‍ 22 പേര്‍ ചേര്‍ന്ന് എന്‍ എ താഹയെ പ്രസിഡന്റാക്കുകയും ആറുപേര്‍ ചേര്‍ന്ന് അനസ് കളരിക്കലിനെ പ്രസിഡന്റാക്കുകയായിരുന്നു.
ഇതിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 6.30 നു ഏഴിനും ഇരുവിഭാഗവും ഓഫിസില്‍ കമ്മിറ്റി വിളിച്ച് കൂട്ടിയതാണ് സംഘര്‍ഷത്തിലെത്തിയത്. കുറച്ച് നാളുകളായി മട്ടാഞ്ചേരിയില്‍ വിഭാഗീയതയെ തുടര്‍ന്ന് കാംപയിനുകള്‍ പലതും വ്യത്യസ്ഥമായാണ് നടത്തുന്നത്.
Next Story

RELATED STORIES

Share it