malappuram local

ലീഗിനെ അനുനയിപ്പിച്ച് ആര്യാടന്‍; സീറ്റുറപ്പിക്കാന്‍ ചലച്ചിത്രോല്‍സവവുമായി ഷൗക്കത്ത്

സമീര്‍ കല്ലായി

മലപ്പുറം: മുസ്‌ലിംലീഗിനെ അനുനയിപ്പിച്ച് പുതിയ അടവു തന്ത്രവുമായി ആര്യാടന്‍ മുഹമ്മദ്. സോളാര്‍ കേസില്‍ ലീഗ് സഹായിച്ചതിന്റെ നന്ദി സൂചകമാണിതെന്നും അതല്ല, നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ ഭീതിമൂലമാണെന്നും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അടക്കം പറച്ചിലു—ണ്ട്. മുസ്‌ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ കേരള യാത്രയുടെ എടക്കര സ്വീകരണ കേന്ദ്രത്തിലാണ് മന്ത്രി ആര്യാടന്‍ പങ്കെടുത്തത്.
ഇത്രയും കാലം ലീഗിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന ആര്യാടന്റെ മറുകണ്ടം ചാടലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍തന്നെ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. ആര്യാടന്റെ നിര്‍ദേശപ്രകാരം ജില്ലയിലെങ്ങും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിയുടെ യാത്രയ്ക്ക് സ്വാഗതമോതിയിരുന്നു.
വണ്ടൂരില്‍ മന്ത്രി എ പി അനില്‍കുമാറും യാത്രയില്‍ പങ്കെടുത്തിരുന്നു. ജില്ലയില്‍ രണ്ടു ഡസനോളം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്, ലീഗ് ബന്ധം സുഖകരമല്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വേറിട്ടു മല്‍സരിച്ച് പലയിടങ്ങളിലും കോണ്‍ഗ്രസ് സിപിഎമ്മുമായി ഭരണത്തിലേറിയിട്ടുമുണ്ട്. ഇതുമൂലം ഇത്തരം പഞ്ചായത്തുകളിലും നഗരസഭകളിലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വി എം സുധീരന്റെ യാത്രാ സ്വീകരണം പോലും ഒഴിവാക്കിയിരുന്നു.
ലീഗിനെ പിണക്കിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വണ്ടൂരിലും നിലമ്പൂരിലുമടക്കം ക്ഷീണം ചെയ്യുമെന്ന തിരിച്ചറിവാണ് ആര്യാടന്റെ ലീഗ് സ്തുതി പാഠത്തിന് പിന്നിലെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.
സോളാര്‍ കേസില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിന് ലീഗിന്റെ സഹായം ലഭിച്ചതായും പറയപ്പെടുന്നു. നേരത്തെ പാണക്കാട് തങ്ങള്‍ക്കെതിരെ വരെ ആര്യാടന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. രാഷ്ട്രീയക്കാരനായ തങ്ങളെ ആത്മീയ നേതാവായി കാണാനാകില്ലെന്നായിരുന്നു ആര്യാടന്റെ ആരോപണം.
ഇ ടി മുഹമ്മദ് ബഷീറിനെ വര്‍ഗീയ വാദിയെന്നും കെ പി എ മജീദിനെ എട്ടുകാലി മമ്മൂഞ്ഞെന്നും ആര്യാടന്‍ വിളിച്ചിരുന്നു. പി വി അബ്ദുല്‍വഹാബിനെതിരെ നിരന്തരം പോരടിക്കുകയും ചെയ്തു. എന്നാല്‍, ഇത്തവണ നിലമ്പൂരില്‍നിന്ന് മകന്‍ ഷൗക്കത്തിനെ മല്‍സരിപ്പിക്കാന്‍ ആര്യാടനു മോഹമുണ്ട്. പക്ഷെ നില അത്ര സുരക്ഷിതമല്ല. പരാജയം ഒഴിവാക്കാന്‍ ലീഗിന്റെ സഹായം കൂടിയേ തീരൂ.
ആര്യാടന്‍ ഒരുമുഴം മുന്നേ എറിയുന്നതിനു പിന്നില്‍ ലക്ഷ്യം മറ്റൊന്നുമല്ലെന്നാണ് നിരീക്ഷണം. നിലമ്പൂര്‍ സീറ്റിനായി പാര്‍ട്ടിക്കുള്ളില്‍ തന്നെ കെപിസിസി സെക്രട്ടറി വി വി പ്രകാശുമായി കടുത്ത മല്‍സരം നിലനില്‍ക്കുന്നതിനാല്‍ മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കാനാണ് ഷൗക്കത്തിന്റെ ശ്രമം. നിലമ്പൂരില്‍ ഫിലിം ഫെസ്റ്റിവല്‍ എത്തിച്ചത് ഇതിന്റെ ഭാഗമാണ്.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് 19 മുതല്‍ 23 വരെ നിലമ്പൂരില്‍ ചലച്ചിത്രോല്‍സവം നടക്കുന്നത്. ഇനി നിലമ്പൂരില്‍ പരിപാടികളുടെ ബഹളമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളുടെ തന്നെ അടക്കം പറച്ചില്‍.
Next Story

RELATED STORIES

Share it