malappuram local

ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കാംപയിന് തുടക്കം



മഞ്ചേരി: ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ  സന്ദേശവും പ്രവര്‍ത്തനരീതിയും ലഭ്യമാവുന്ന സഹായങ്ങളും സംബന്ധിച്ച് അവബോധം വളര്‍ത്താന്‍ രാജ്യ വ്യാപകമായി നടക്കുന്ന കാംപയിന്റെ ജില്ലാതല പരിപടികള്‍ക്ക് തുടക്കമായി. മഞ്ചേരി അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയുമായ എ ബദറുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സബ്ജഡ്ജി രാജന്‍ തട്ടില്‍ അധ്യക്ഷനായിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരി ആര്‍ ചന്ദ്രന്‍, അഡീഷണല്‍ ജില്ലാ ജഡ്ജി കെ പി സുധീര്‍, എസ്‌സി എസ്ടി പ്രത്യേക കോടതി ജില്ലാ ജഡ്ജി സുരേഷ് പോള്‍, ഗവ. പ്ലീഡര്‍ പി സുരേഷ്, ബാര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ എം കൃഷ്ണന്‍ നമ്പൂതിരി, കെ സി മുഹമ്മദ് അഷ്‌റഫ്, കെ പി ശിവകുമാര്‍, വിന്‍സന്റ് ജോസ് സംബന്ധിച്ചു.  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായുള്ള ഏകദിന ബോധവത്ക്കരണ പരിപാടിയാണ് ആദ്യ ദിവസം നടന്നത്. ദേശീയ നിയമ സേവന അതോറിട്ടി നിയമം, ജേശീയ നിയമ സേവന അതോറിട്ടി നിയമവും വിവിധ സ്ഥാപനങ്ങളും എന്നീ വിഷയങ്ങളില്‍ ജില്ലാ ജീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജി രാജന്‍ തട്ടില്‍ ക്ലാസെടുത്തു. ഉച്ചയ്ക്കു ശേഷം പൊതു ചര്‍ച്ചയും വൈകുന്നേരം മൂന്നിന് നിയമ രംഗത്തെയും ജനസേവന രംഗത്തേയും പൊതുരംഗത്തേയും പ്രമുഖര്‍ പങ്കെടുക്കുന്ന ബൈക്ക് റാലിയും നടന്നു. കണക്ടിംഗ് ടു സെര്‍വ് എന്ന സന്ദേശവുമായി ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ ജനങ്ങളുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ലഘുലേഖകള്‍ എല്ലാ വീടുകളിലും വളണ്ടിയര്‍മാര്‍ എത്തിക്കും. ബാനറുകള്‍ സ്ഥാപിയ്ക്കല്‍, നിയമ സഹായ ഡെസ്‌ക്കുകള്‍, വാര്‍ത്താ മാധ്യമങ്ങളിലൂടെയും നവ സാമൂഹ്യ മാധ്യമങ്ങളിലൂടെയുമുള്ള പ്രചരണങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, ബോധവല്‍ക്കരണ ക്യാംപുകള്‍, ജയിലുകളില്‍ തടവില്‍ കഴിയുന്നവര്‍ക്കുള്ള ബോധവല്‍കരണങ്ങള്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍.
Next Story

RELATED STORIES

Share it