thrissur local

ലീഗല്‍ മെട്രോളജിയുടെ ഫൈന്‍ വേട്ട അവസാനിപ്പിക്കണമെന്ന് എഐടിയുസി

തൃശൂര്‍: ലീഗല്‍ മെട്രോളജിയുടെ ഫൈന്‍ വേട്ട അവസാനിപ്പിക്കണമെന്ന് എ.ഐ.ടി.യു.സി. നേതൃത്വത്തിലുള്ള മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു നേരത്തെ അന്നത്തിനു പോലും വഴിയില്ലാതെ ബുദ്ധിമുട്ടുന്ന ഓട്ടോറിക്ഷാ തൊഴിലാളികളെ അമിത ഫൈന്‍ അടപ്പിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് ദ്രോഹിക്കുന്ന നടപടികള്‍ തുടരുകയാണ്. പെട്രോള്‍ ഡീസല്‍ വില വര്‍ധനയ്ക്കു പുറമേ സ്‌പെയര്‍പാര്‍ട്‌സ് വില, ടാക്‌സ് ഇന്‍ഷുറന്‍സ് എന്നിവയുടെ വര്‍ധനയും ജി.എസ്.ടി മൂലമുള്ള ബുദ്ധിമുട്ടുകളും നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ലീഗല്‍ മെട്രോളജിയുടെ ദ്രോഹം. മൂന്നു മാസങ്ങളില്‍ ഇടവിട്ടുള്ള കോര്‍ട്ടര്‍ സീലിങ്ങില്‍ ഒരു ദിവസം വൈകിയാല്‍ 2000 രൂപ വരെ ഫൈന്‍ ഈടാക്കി തൊഴിലാളികളെ ദ്രോഹിക്കുകയാണ്. ലക്ഷക്കണക്കിന് വരുന്ന മോട്ടോര്‍ തൊഴിലാളികള്‍ ഇതുമൂലം കഷ്ടപ്പെടുന്നു. ഇതിന് ഒരു പരിഹാരം ബന്ധപ്പെട്ട അധികാരികള്‍ എടുത്തില്ലെങ്കില്‍ വരുംകാലങ്ങളില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാന്‍ യൂണിയന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് കാറളം, സി.പി. സൈമണ്‍, ഇ.എ. ഡേവീസ്  പ്രസംഗിച്ചു.
Next Story

RELATED STORIES

Share it