ലിബിയ: ഐക്യസര്‍ക്കാരിനുള്ള പിന്തുണ വിമതര്‍ പിന്‍വലിച്ചു

ട്രിപ്പോളി: ലിബിയയില്‍ യുഎന്‍ നിര്‍ദേശിച്ച ഐക്യസര്‍ക്കാരിനുള്ള പിന്തുണ ട്രിപ്പോളി ആസ്ഥാനമായി ഭരണം നടത്തുന്ന വിമതസര്‍ക്കാര്‍ പിന്‍വലിച്ചു. വിമതര്‍ നയിക്കുന്ന നാഷനല്‍ സാല്‍വേഷന്‍ സര്‍ക്കാര്‍ ഭരണാധികാരികളെന്ന നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ട്രിപ്പോളി പ്രധാനമന്ത്രി ഖലിഫ ഖ്വെയ്ല്‍ ഐക്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
നിലവിലെ നിയമപ്രകാരം നിങ്ങള്‍ നിങ്ങളുടെ ദൗത്യം തുടരുക. പുതിയ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെങ്കില്‍ കനത്ത ശിക്ഷ അനുഭവിക്കേണ്ടിവരും- ഖ്വെയ്ല്‍ പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, പുതിയ പ്രഖ്യാപനത്തിനു പിന്നിലെ കാരണം വ്യക്തമല്ല. മേഖലയിലെ സായുധസംഘങ്ങളുടെ സഹായത്തോടെ 2014ലാണ് വിമത സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഫായിസ് അല്‍ സര്‍റാജിന്റെ നേതൃത്വത്തിലുള്ള (നാഷനല്‍ അക്കോര്‍ഡ്) ഐക്യസര്‍ക്കാരുമായി ബന്ധപ്പെട്ട് വിമതസര്‍ക്കാരിനുള്ളില്‍ തന്നെ അഭിപ്രായഭിന്നതകളുണ്ടെന്ന സൂചനയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്.
അഞ്ചു വര്‍ഷമായി രാജ്യത്തു തുടരുന്ന അസ്ഥിരത അവസാനിപ്പിക്കാന്‍ പുതിയ നീക്കമുണ്ടായതായി നയതന്ത്രജ്ഞന്‍ മാര്‍ട്ടിന്‍ കോബ്ലര്‍ യുഎന്നിനെ അറിയിച്ചതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
നിലവില്‍ രാജ്യത്തുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനോട് ഐക്യസര്‍ക്കാരിനെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടത്താന്‍ കോബ്ലര്‍ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it