ലിബിയയില്‍ മിസൈല്‍ ആക്രമണം;മലയാളി നഴ്‌സും കുഞ്ഞും കൊല്ലപ്പെട്ടു

കുറവിലങ്ങാട് (കോട്ടയം): ലിബിയയിലെ പുരാതന നഗരമായ സബരീത്തയില്‍ മലയാളി നഴ്‌സും പിഞ്ചുമകനും മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോട്ടയം വെളിയന്നൂര്‍ വന്ദേമാതരം തുളസി ഭവനില്‍ വിപിന്റെ ഭാര്യ സുനു(29), ഏകമകന്‍ പ്രണവ് (ഒന്നരവയസ്സ്) എന്നിവരാണു മരിച്ചത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകീട്ട് 7.30ഓടെയാണു സംഭവം. സാവിയ ആശുപത്രിയിലെ നഴ്‌സാണ് സുനു. ഭര്‍ത്താവ് വിപിന്‍ ഇതേ ആശുപത്രിയിലെ മെയില്‍ നഴ്‌സാണ്. ആശുപത്രിയോടു ചേര്‍ന്നുള്ള അപ്പാര്‍ട്ട്‌മെന്റിലെ ഇവരുടെ മുറിയിലേക്ക് മിസൈല്‍ പതിക്കുകയായിരുന്നു. വിപിന്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. സുനുവും കുഞ്ഞും മാത്രമാണ് അപാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നത്. വിപിനും ഭാര്യയും കഴിഞ്ഞ മൂന്നുവര്‍ഷമായി ലിബിയയിലാണു താമസം. വിവാഹത്തിനുശേഷം ലിബിയയിലേക്കു പോയതായിരുന്നു. ലിബിയയിലെ ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തമാസം ജോലി അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ദുരന്തം. രേഖകളും ശമ്പളക്കുടിശ്ശികയും ലഭിക്കാത്തതാണ് മടങ്ങിവരവ് നീളാന്‍ കാരണം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു. കൊണ്ടാട് കുഴുപ്പനാല്‍ (കരോട്ട് കാരൂര്‍) സത്യന്‍നായരുടെയും സതിയുടെയും മകളാണ് സുനു. ബംഗളൂരുവിലാണ് നഴ്‌സിങ് പഠനം പൂര്‍ത്തീകരിച്ചത്. അനൂപ് ഏക സഹോദരനാണ്.   അതിനിടെ, ഇന്ത്യക്കാര്‍ ലിബിയയില്‍നിന്ന് ഒഴിഞ്ഞുപോവണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അഭ്യര്‍ഥിച്ചു. ഇക്കാര്യം തങ്ങള്‍ നിരവധിതവണ ആവശ്യപ്പെട്ടതാണ്. വീണ്ടും ആവശ്യപ്പെടുകയാണെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it