ലിബിയയില്‍ നിന്ന് 18 മലയാളികള്‍ തിരിച്ചെത്തി

നെടുമ്പാശ്ശേരി: ആഭ്യന്തര കലാപത്തില്‍പ്പെട്ട് ലിബിയയിലെ ട്രിപ്പോളിയില്‍ കുടുങ്ങിയ നഴ്‌സുമാര്‍ ഉള്‍പ്പെടെ ആറു മലയാളി കുടുംബങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. രണ്ടു പിഞ്ചുകുട്ടികള്‍ അടക്കം 18 പേരാണ് ഇന്നലെ രാവിലെ 8.45ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.
ഇസ്താംബൂളില്‍നിന്ന് ദുബയിലെത്തിയ സംഘം അവിടെനിന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ കൊച്ചിയില്‍ എത്തുകയായിരുന്നു. ഇവരെ ബന്ധുക്കളും നോര്‍ക്ക ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പുന്നൂക്കക്കാവ് സ്വദേശികളായ എബ്രഹാം സാമുവേല്‍, മനുമേരി ജേക്കബ്, ജെസില്‍ സാം എബ്രഹാം, പത്തനംതിട്ട കുളത്തൂര്‍ സ്വദേശികളായ തോമസ് നകോളില്‍ ഔസേഫ്, ലിറ്റി തോമസ്, കോട്ടയം മാഞ്ഞൂര്‍ കുറുപ്പന്തറ ജോബി ജോസ്, ആന്‍സി ജേക്കബ്, ജിസ്മിന്‍ അന്ന ജോബി, കൊല്ലം ഓച്ചിറ സ്വദേശികളായ ജോബി കുര്യന്‍, നിവ്യ ജോയി, ജോന്ന തെരേസ ജോബി, ആലപ്പുഴ കുട്ടംപേരൂര്‍ സ്വദേശികളായ മണിക്കുട്ടന്‍, രാജി രാജന്‍, മിത്ര, കോട്ടയം പെരുപായ്ക്കാട് സ്വദേശികളായ ജോസഫ് ചാക്കോ, സിമി, നിയാമോള്‍, നിയോന്‍ നിമി തുടങ്ങിയവരാണു മടങ്ങിയെത്തിയത്.
എംബസിയുടെ സഹായം ലഭിച്ചില്ലെന്നും സ്വന്തം ചെലവിലായിരുന്നു യാത്രയെന്നും ഇവര്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രി മാത്രമാണ് വിളിച്ച് ക്ഷേമമന്വേഷിച്ചത്. തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെ ഒമ്പതു കുടുംബങ്ങളിലെ 29 പേര്‍ ട്രിപ്പോളിയിലെ സാവിയ ആശുപത്രി ജീവനക്കാരാണ്. അഞ്ചുവര്‍ഷത്തിലധികമായി ഇവര്‍ നാട്ടിലെത്തിയിട്ട്.
ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കാന്‍ വൈകിയതാണ് മടക്കയാത്ര അനിശ്ചിതത്വത്തിലാവാന്‍ കാരണം. വഴിച്ചെലവിനായി 2000 രൂപ നല്‍കിയാണ് അധികൃതര്‍ ഇവരെ കൊച്ചിയില്‍നിന്ന് യാത്രയാക്കിയത്.
വിമാന ടിക്കറ്റുകള്‍ക്കു ചെലവായ തുക സര്‍ക്കാര്‍ നല്‍കുമെന്ന് നോര്‍ക്കറൂട്ട്‌സ് ജനറല്‍ മാനേജര്‍ ശിവപ്രസാദ് പറഞ്ഞു.
Next Story

RELATED STORIES

Share it