ലിബിയയില്‍ കൊല്ലപ്പെട്ട സുനുവിന്റെയും മകന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

കുറുവിലങ്ങാട്: ലിബിയയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സുനുവിന്റെയും മകന്‍ പ്രണവിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഇന്നലെ രാവിലെ 11ന് നെടുമ്പാശ്ശേരിയില്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലെത്തിച്ച മൃതദേഹങ്ങള്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളായ അന്‍വര്‍ സാദത്ത് എംഎല്‍എ, പാലാ തഹസില്‍ദാര്‍ വി പി ജെ സെബാസ്റ്റ്യന്‍, വെളിയന്നൂര്‍ വില്ലേജ് ഓഫിസര്‍ സ്വപ്‌ന എന്‍ നായരും ബന്ധുമിത്രാദികളും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്.
ആശുപത്രിയില്‍ നിന്ന് മൊബൈല്‍ മോര്‍ച്ചറിയിലാണ് സുനുവിന്റെയും മകന്റെയും മൃതദേഹങ്ങള്‍ വെളിയന്നൂരിലെ വീട്ടിലെത്തിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നോടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ജോസ് കെ മാണി. എംപി, എംഎല്‍എമാരായ കെ എം മാണി, അഡ്വ. മോന്‍സ് ജോസഫ്, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
കഴിഞ്ഞ 25ന് വൈകീട്ട് 7.30ഓടെയുണ്ടായ ആക്രമണത്തിലാണ് വെളിയന്നൂര്‍ തുളസിഭവനില്‍ വിപിന്‍കുമാറിന്റെ ഭാര്യ സുനുവും (29) ഒന്നരവയസ്സുള്ള മകനും കൊല്ലപ്പെട്ടത്. മൂന്നുവര്‍ഷക്കാലമായി വിപിന്‍കുമാറും ഭാര്യ സുനുവും ലിബിയയില്‍ നഴ്‌സായി ജോലി നോക്കി വരുകയായിരുന്നു. ലിബിയയിലെ ആഭ്യന്തരപ്രശ്‌നങ്ങളും ശമ്പളമില്ലായ്മയും കാരണം മൂവരും നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായ ദുരന്തം.
പടം കാപ്ഷന്‍: സുനുവും മകന്‍ പ്രണവും
Next Story

RELATED STORIES

Share it