ലിബിയയിലെ അടിമ ലേലം: അപലപിച്ച് യുഎന്‍

ജനീവ: ലിബിയയില്‍ അഭയാര്‍ഥികളെ അടിമകളാക്കുന്നതിനെ അപലപിച്ച് യുഎന്‍ മനുഷ്യാവകാശ ഉദ്യോഗസ്ഥര്‍. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു കുടിയേറ്റക്കാര്‍ ഓരോ ആഴ്ചയും ലിബിയയിലെ അടിമച്ചന്തകളിലെത്തുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് യുഎന്‍ വിദഗ്ധരുടെ പ്രതികരണം. അടിമത്തം അവസാനിപ്പിക്കാന്‍ ലിബിയന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു യുഎന്‍ സംഘം സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കുടിയേറ്റക്കാരെ കച്ചവടവസ്തുക്കളെപ്പോലെ അടിമച്ചന്തയില്‍ ലേലം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണ്. അടിമകളാക്കിയ ആഫ്രിക്കക്കാരെ എത്തിക്കുന്ന കമ്പോളങ്ങളെക്കുറിച്ചു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മനുഷ്യചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായത്തെ ഓര്‍മിപ്പിക്കുന്നതാണ് ലിബിയയിലെ അടിമലേലമെന്നും യുഎന്‍ സംഘം അഭിപ്രായപ്പെട്ടു. സമകാലിക അടിമത്തം, കുടിയേറ്റക്കാരുടെ മനുഷ്യാവകാശം, മനുഷ്യക്കടത്ത് വിഷയത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ട യുഎന്‍ പ്രതിനിധികള്‍ ഊര്‍മിള ഭൂല, ഫെലിപ് ഗോണ്‍സാലസ് മോറലെസ്, മരിയ ഗ്രാസ്രിയ ജിമാമറിനറോ എന്നിവരാണ്  പ്രസ്താവനയില്‍ ഒപ്പുവച്ചത്. ലിബിയന്‍ സര്‍ക്കാരിനു പുറമേ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലും അനിവാര്യമാണെന്നും അടിമകളാക്കപ്പെട്ട ആഫ്രിക്കന്‍ കുടിയേറ്റക്കാരെ കണ്ടെത്തി ഉടന്‍ മോചിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. ഏഴുലക്ഷത്തോളം കുടിയേറ്റക്കാര്‍ ലിബിയയിലകപ്പെട്ടിരിക്കുന്നതായാണ് യുഎന്‍ കണക്കുകള്‍. യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കുടിയേറാന്‍ ശ്രമിക്കുന്ന ഇവര്‍ മനുഷ്യക്കടത്തുകാരില്‍ നിന്നു വ്യാപകമായി മനുഷ്യാവകാശലംഘനങ്ങളും ആക്രമണങ്ങളും നേരിടുന്നു. അടിമത്തം, മനുഷ്യക്കടത്ത്, അനിശ്ചിതകാല തടവ്, പീഡനം, ലൈംഗിക ചൂഷണം അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കുടിയേറ്റക്കാര്‍ ഇരയാവുന്നതില്‍ യുഎന്‍ പ്രതിനിധികള്‍ ആശങ്ക രേഖപ്പെടുത്തി. പാശ്ചാത്യ ഇടപെടലിനെ തുടര്‍ന്നാണ് ലിബിയയില്‍ ഇത്തരമൊരു സാഹചര്യമുണ്ടായതെന്ന കാര്യം റിപോര്‍ട്ടിലില്ല.
Next Story

RELATED STORIES

Share it