ലിബിയന്‍ തീരത്തുനിന്ന് 1500ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തി

ട്രിപ്പോളി: മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കവെ അപകടത്തില്‍പ്പെട്ട 1500ഓളം അഭയാര്‍ഥികളെ ലിബിയന്‍ തീരത്തുനിന്നു രക്ഷപ്പെടുത്തി. ഇവരില്‍ സ്ത്രീകളും കുട്ടികളുമാണു കൂടുതല്‍. ഇറ്റാലിയന്‍ തീരസേനയാണു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം വഹിച്ചത്. രക്ഷപ്പെടുത്തിയവര്‍ ഏതു രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 1482 പേരെ രക്ഷപ്പെടുത്തിയതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. ലിബിയയില്‍ നിന്നും മെഡിറ്ററേനിയന്‍ കടല്‍ കടന്ന് 14,500ഓളം പേരാണു കഴിഞ്ഞവര്‍ഷം ഇറ്റലിയിലെത്തിയത്. തുര്‍ക്കിയില്‍ നിന്നും ഗ്രീസ് വഴി യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തടയാന്‍ ഇയുവും തുര്‍ക്കിയും ധാരണയിലെത്തിയതിനു പിന്നാലെ ഗ്രീസിലേക്കുള്ള അഭയാര്‍ഥിപ്രവാഹം കുറഞ്ഞിരുന്നു. ഗ്രീസിലെ നിയന്ത്രണം മൂലം ലിബിയയില്‍ നിന്നും ഇറ്റലിയിലേക്കെത്താന്‍ അഭയാര്‍ഥികള്‍ അപകടമേറിയ മെഡിറ്ററേനിയന്‍ കടക്കാന്‍ ശ്രമിക്കുമെന്നു നേരത്തേ ആശങ്കകളുയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it