ലിബര്‍ഹാന്‍ പറഞ്ഞു, ഇവര്‍ കുറ്റക്കാര്‍

ബാബരി മസ്ജിദ് തകര്‍ത്ത് നീണ്ട 17 വര്‍ഷത്തിനു ശേഷമാണ് ജസ്റ്റിസ് ലിബര്‍ഹാന്‍ 2009 ജൂണ്‍ 30ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന് തന്റെ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചത്. അഞ്ചുമാസക്കാലം കേന്ദ്രസര്‍ക്കാര്‍ റിപോര്‍ട്ടിന്‍മേല്‍ അടയിരുന്നു. ചോര്‍ന്നു കിട്ടിയ റിപോര്‍ട്ട് 2009 നവംബര്‍ 23ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം പ്രസിദ്ധപ്പെടുത്തി. ഗത്യന്തരമില്ലാതെയാണ് അടുത്ത ദിവസം 24ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി റിപോര്‍ട്ടും തല്‍സംബന്ധമായ നടപടി റിപോര്‍ട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചത്.
ബാബരി മസ്ജിദ് തകര്‍ത്തത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പോയി, ലോക്‌സഭാ പ്രതിപക്ഷനേതാവ് എല്‍ കെ അഡ്വാനി, മുന്‍ ബിജെപി പ്രസിഡന്റ് മുരളീമനോഹര്‍ ജോഷി തുടങ്ങിയ നേതാക്കളുടെ പൂര്‍ണ അറിവോടെയായിരുന്നെന്ന് ലിബര്‍ഹാന്‍ കമ്മീഷന്‍ വ്യക്തമാക്കി. ബാബരി മസ്ജിദ് തകര്‍ച്ച ആകസ്മികമായി സംഭവിച്ചതാണെന്ന ബിജെപി നേതാക്കളുടെ അവകാശവാദം ഖണ്ഡിച്ച കമ്മീഷന്‍, സംഘപരിവാര ശക്തികള്‍ സൂക്ഷ്മമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതിയായിരുന്നു അതെന്നും വ്യക്തമാക്കി. ഗൂഢാലോചനയില്‍ നേതാക്കള്‍ക്കു വ്യക്തമായ പങ്കുണ്ടായിരുന്നു. പള്ളി പൊളിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിനു നല്‍കിയ വാഗ്ദാനത്തിലൂടെ ബിജെപി നേതൃത്വം കള്ളംപറയുകയാണു ചെയ്തത്. രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ജുഗുപ്‌സാവഹമായ സംഭവമെന്നാണ് മസ്ജിദ് തകര്‍ത്ത സംഭവത്തെ കമ്മീഷന്‍ വിശേഷിപ്പിച്ചത്. മസ്ജിദിന്റെ തകര്‍ച്ച ആകസ്മികമോ തടയാനാവാത്തതോ ആയിരുന്നില്ല. കള്ളവാഗ്ദാനങ്ങളിലൂടെ കേന്ദ്രസര്‍ക്കാരിനെ വഞ്ചിക്കുകയായിരുന്നു ബിജെപി നേതൃത്വം. വാജ്‌പേയിയെ കപട മിതവാദിയായി ചിത്രീകരിക്കുന്ന റിപോര്‍ട്ട്, പ്രധാന ഉത്തരവാദിയായി യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങിനെയാണു ചൂണ്ടിക്കാട്ടുന്നത്. അര്‍ധസൈനിക വിഭാഗത്തെ അയക്കുന്നതു തടയുക മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ഏജന്‍സികളെയും നിഷ്‌ക്രിയമാക്കുക കൂടിയാണു കല്യാണ്‍സിങ് ചെയ്തത്. മാതൃസംഘടനയായ ആര്‍എസ്എസിനോടൊപ്പം ബിജെപി, വിഎച്ച്പി, ബജ്‌രംഗ്ദള്‍ തുടങ്ങിയ സംഘടനകളും ഏകോപിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നും റിപോര്‍ട്ട് വ്യക്തമാക്കി. ഉമാഭാരതി, വിനയ് കത്യാര്‍ തുടങ്ങിയ രണ്ടാംനിര നേതാക്കള്‍ മസ്ജിദ് ധ്വംസനത്തില്‍ സജീവമായി പങ്കെടുെത്തന്നും ലിബര്‍ഹാന്‍ കണ്ടെത്തി. ആര്‍എസ്എസിന്റെ ആജ്ഞകള്‍ നടപ്പാക്കുകയായിരുന്നു വാജ്‌പേയി, അഡ്വാനി, ജോഷി തുടങ്ങിയവര്‍. ആര്‍എസ്എസിന്റെ കൈയിലെ പാവകളായിരുന്നു ഇവര്‍. സംഘപരിവാര നേതാക്കളുടെ വാക്കുകള്‍ വിശ്വസിച്ചതാണ് നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ചെയ്ത തെറ്റെന്നും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പള്ളി പൊളിക്കുന്നതിനായി വൈകാരിക സാഹചര്യം രൂപപ്പെടുത്തുന്നതിനായാണ് അഡ്വാനിയും ജോഷിയും രഥയാത്രകള്‍ നടത്തിയത്. കര്‍സേവകരെ അയോധ്യയില്‍ എത്തിക്കാനും സൈനിക മാതൃകയിലുള്ള വിദഗ്ധ സജ്ജീകരണങ്ങളൊരുക്കാനും ബിജെപി സംസ്ഥാന ഭരണകൂടങ്ങള്‍ സര്‍ക്കാര്‍ സംവിധാനവും പണവും ഉപയോഗിച്ചെന്നും കമ്മീഷന്‍ കണ്ടെത്തി.
മസ്ജിദ് പൊളിക്കുന്നതിനാവശ്യമായ ആയുധങ്ങള്‍ ലഭ്യമാക്കിയതു മുതല്‍ താല്‍ക്കാലിക ക്ഷേത്രം പണിയുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടിയുള്ള ആസൂത്രണത്തിന്റെ തെളിവായാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. വിശ്വാസത്തേക്കാള്‍ രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടത്തിനാണ് നേതാക്കള്‍ മസ്ജിദ് തകര്‍ത്തത്. ഇതിലൂടെ അധികാരത്തിലേറാമെന്ന് ഇവര്‍ കണക്കുകൂട്ടി. കര്‍സേവയ്ക്കായി നേതാക്കള്‍ കോടിക്കണക്കിനു രൂപയാണ് ജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത് സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിച്ചത്.
രാജ്യത്ത് വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് മതത്തെ ദുരുപയോഗപ്പെടുത്തുകയായിരുന്നെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ബാബരി മസ്ജിദ് പ്രശ്‌നം ശരിയാംവിധം കൈകാര്യം ചെയ്യുന്നതില്‍ മുസ്‌ലിം നേതൃത്വം പരാജയപ്പെട്ടതായും റിപോര്‍ട്ട് അഭിപ്രായപ്പെട്ടു. 1992 ഡിസംബര്‍ 6നു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷുബ്ധ സാഹചര്യത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനായി 10 ദിവസത്തിനുശേഷം ഏകാംഗ കമ്മീഷനെ നിയമിക്കുകയായിരുന്നു. 17 വര്‍ഷം നീണ്ട അന്വേഷണത്തിനിടയില്‍ 48 തവണ കാലാവധി നീട്ടിവാങ്ങിയ ശേഷമാണ് കമ്മീഷന്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it