ലിനിയുടെ ഭര്‍ത്താവിന് ജോലി; മക്കള്‍ക്ക് 10 ലക്ഷം വീതം

എച്ച്  സുധീര്‍
തിരുവനന്തപുരം: നിപാ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ചു മരണപ്പെട്ട കോഴിക്കോട് പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇവരുടെ രണ്ടു കുട്ടികള്‍ക്ക് പത്തുലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. ലിനിയടക്കം മരിച്ച പത്തുപേരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. കൂടാതെ, കോഴിക്കോട് ജില്ലയിലെ സാബിത്ത് മരണപ്പെട്ടത് നിപ മൂലമാണെന്ന് സ്ഥിരീകരിക്കുകയാണെങ്കില്‍ ആ കുടുംബത്തിനും അഞ്ചു ലക്ഷം രൂപ നല്‍കും. ലിനിയുടെ മക്കള്‍ക്ക് അനുവദിക്കുന്ന തുകയില്‍ അഞ്ചു ലക്ഷം രൂപ വീതം ഓരോ കുട്ടിയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. 18 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ തുകയും പലിശയും കുട്ടികള്‍ക്ക് ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപിക്കുക. ബാക്കിയുള്ള തുകയില്‍ അഞ്ചു ലക്ഷം രൂപ വീതം കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് പലിശ രക്ഷകര്‍ത്താവിന് പിന്‍വലിക്കാവുന്ന വിധത്തില്‍ നിക്ഷേപിക്കും.
ചെറിയ കുട്ടികളെ നോക്കാനുള്ളതിനാല്‍ സജീഷിന് ഇനി ഗള്‍ഫില്‍ പോവാന്‍ കഴിയില്ല. അതിനാലാണ് ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കുന്നത്. മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന്റെ ദുഃഖത്തിലും പങ്കുചേരുന്നതായും ആരോഗ്യമന്ത്രി കെ കെ ശൈലജ  അറിയിച്ചു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസവേതനം അടിസ്ഥാനത്തിലായിരുന്നു ലിനി ജോലി ചെയ്തിരുന്നത്. അതിനാല്‍ ചട്ടപ്രകാരം ആശ്രിതനിയമനത്തിന് വകുപ്പില്ല. ഇതേത്തുടര്‍ന്നാണ് പ്രത്യേക പരിഗണന നല്‍കി ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. രോഗിയെ പരിചരിക്കാന്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം കാഴ്ചവച്ച നഴ്‌സാണ് ലിനി. രോഗിയെ പരിചരിച്ചതുകൊണ്ടാണ് അവര്‍ക്ക് അസുഖം വന്നതും മരിച്ചതും. അതുകൊണ്ടുതന്നെ അവരുടെ കുടുംബത്തോട് സര്‍ക്കാരിന് പ്രതിബദ്ധതയുണ്ട്.
ബഹ്‌റയ്‌നില്‍ ജോലി നോക്കുന്ന സജീഷ്, ലിനിയുടെ മരണത്തെ തുടര്‍ന്ന് പ്രവാസജീവിതം മതിയാക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സഹായിച്ചത്. മരിച്ചവരെല്ലാം സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അതിനാലാണ് സഹായം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it