ലിഗ: കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചു; അറസ്റ്റ് ഉടന്‍

തിരുവനന്തപുരം: വിദേശവനിത ലിഗ കൊല്ലപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന. ഇവരുടെ അറസ്റ്റ്് ഇന്ന് രേഖപ്പെടുത്തിയേക്കും. കോവളം ബീച്ച് കേന്ദ്രീകരിച്ചു ലഹരിവില്‍പന നടത്തുന്ന പുരുഷ ലൈംഗികത്തൊഴിലാളിയും ഇയാളുടെ കൂട്ടാളിയുമാണ് കുറ്റസമ്മതം നടത്തിയത്. ഇരുവരും കോവളം പനത്തുറ സ്വദേശികളാണ്.
ഇവരുള്‍പ്പെടെ നാലുപേര്‍ കഴിഞ്ഞ ഒരാഴ്ചയായി പോലിസ് കസ്റ്റഡിയിലായിരുന്നു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും നിരന്തരമുള്ള ചോദ്യം ചെയ്യലിനിടെയാണു കുറ്റസമ്മതം നടത്തിയത്. അതേസമയം, ഇരുവരുടെയും മൊഴികളിലുള്ള വൈരുധ്യം പോലിസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അതിനാല്‍, രാസപരിശോധനാ ഫലം കൂടി ലഭിച്ചശേഷം മതി അറസ്റ്റെന്ന നിലപാടാണ് അന്വേഷണസംഘത്തിന്റേത്. പരിശോധനാഫലം ഇന്ന് ലഭിക്കുമെന്നാണ് വിവരം. മൃതദേഹം കണ്ടെത്തിയ പ്രദേശത്തുവച്ച് ലിഗയുമായി മല്‍പ്പിടിത്തം നടന്നതായി ഇരുവരും സമ്മതിക്കുന്നുണ്ട്.
എന്നാല്‍, പീഡനം നടന്നിട്ടുണ്ടോ എന്നതടക്കമുള്ള മറ്റു വിവരങ്ങളില്‍ ഇരുവരും പരസ്പരവിരുദ്ധമായാണു പ്രതികരിക്കുന്നത്. പുരുഷ ലൈംഗികത്തൊഴിലാളിയുടെ സഹായിയായ യുവാവാണ് ആദ്യം കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് ഇരുവരേയും കൂടുതല്‍ ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ ചുരുളഴിഞ്ഞു.
ലിഗ മയക്കുമരുന്നിനായി എത്തിയതാണെന്നും തുടര്‍ന്ന് പണം നല്‍കാത്തതിന്റെ പേരില്‍ മല്‍പ്പിടിത്തം ഉണ്ടായപ്പോഴാണു മരണം സംഭവിച്ചതെന്നുമാണ് ഒരാളുടെ മൊഴി. കോവളത്തെത്തിയ ലിഗയെ പ്രതികളുടെ സുഹൃത്ത് ബോട്ടിങ്ങിനെന്ന പേരില്‍ കണ്ടല്‍ക്കാട്ടിലേക്കു കൊണ്ടുവന്നു. തുടര്‍ന്നു കൂടുതല്‍ പണം ലിഗയില്‍ നിന്ന് കൈക്കലാക്കാന്‍ ശ്രമിച്ചതു തര്‍ക്കത്തിനും കൊലയ്ക്കും കാരണമായെന്ന് ഇയാള്‍ വിശദീകരിച്ചു.
എന്നാല്‍, കാട്ടിലെത്തിയ ലിഗയുമായി സൗഹൃദത്തിലായശേഷം പീഡനത്തിനു ശ്രമിച്ചെന്നും എതിര്‍പ്പിനിടയില്‍ കൊലപ്പെടുത്തിയെന്നും മറ്റൊരാള്‍ വിശദീകരിക്കുന്നു. ഈ വൈരുധ്യം നീക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
Next Story

RELATED STORIES

Share it